എടത്വ: എണ്‍പതാം വയസിൽ പെൻഷൻ ലഭിക്കുന്നതിന് എണ്‍പത് പടികൾ കയറിയിറങ്ങണമെന്നുള്ള അവസ്ഥക്ക് എന്ന് മാറ്റം ഉണ്ടാകും. കഴിഞ്ഞദിവസം എടത്വ സബ്ട്രഷറിയിൽ നിന്നും പെൻഷൻ വാങ്ങാനെത്തിയ റിട്ടയേർഡ് കൃഷിവകുപ്പ് ഉദ്യോഗസ്ഥന്റെ വാക്കുകളാണിത്.എടത്വയിൽ മൂന്നാം നില കെട്ടിടത്തിൽ വാടകയ്ക്ക് പ്രവർത്തിക്കുന്ന സബ്ട്രഷറിയിൽ പെൻഷൻ വാങ്ങാനെത്തുന്നവരുടെ ദുരവസ്ഥ തുടങ്ങിയിട്ട് മൂന്നര പതിറ്റാണ്ടായി.
ഈ ട്രഷറിയിൽ എത്തിച്ചേരണമെങ്കിൽ നാൽപ്പത് പടികൾ കയറണം.അവശരായവർക്ക് പരസഹായമില്ലാതെ കയറുവാൻ കഴിയുകയില്ല. വൃദ്ധ ദന്പതികളാണെങ്കിൽ അവരുടെ അവസ്ഥ ഇരട്ടി ദുരിതമാണ്. തനിച്ചു വരുന്നവർ പടികൾ കയറുവാൻ സാധിക്കാതെ പടിയിൽ അവശരായി ഇരിക്കുന്പോൾ സമീപത്തുള്ള ഓട്ടോ സ്റ്റാൻഡിലെ ഡ്രൈവർമാർ ഇവരെ മുകളിൽ എത്തുവാൻ സഹായിക്കുന്നുണ്ട്.
കൂടുതൽ അവശരായവരുടെ അവസ്ഥ ട്രഷറി ജീവനക്കാരെ അറയിക്കുന്പോൾ ജീവനക്കാർ ജോലിത്തിരക്കെല്ലാം കഴിഞ്ഞ് ബന്ധപ്പെട്ട രേഖകളുമായി താഴെ വന്ന് രജിസ്റ്ററിൽ ഒപ്പുവപ്പിച്ച് പെൻഷൻ കൊടുക്കാറുണ്ടെന്ന് കേരളാ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ എടത്വ യൂണിറ്റ് പ്രസിഡന്റ് ആന്റണി ഫ്രാൻസിസ് കട്ടപ്പുറം പറഞ്ഞു.
ഈ ദുരിതപൂർണമായ അവസ്ഥക്ക് ശാശ്വതപരിഹാരമായി ട്രഷറി വകുപ്പിന്റെ അധീനതയിൽ എടത്വ കെഎസ്ആർറ്റിസി ഡിപ്പോക്ക് സമീപം ട്രഷറിക്ക് സ്വന്തം കെട്ടിടം നിർമാണം ആരംഭിച്ചെങ്കിലും പയലിംഗ് വരെയെ ആയിട്ടുള്ളു.
മുടങ്ങികിടക്കുന്ന ട്രഷറി നിർമാണത്തിലെ തടസങ്ങൾ നീക്കി പെൻഷൻ വാങ്ങാൻ എണ്‍പതോളം പടികൾ കയറിയിറങ്ങേണ്ട ദുരവസ്ഥക്ക് മാറ്റം ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് എടത്വ വികസന സമിതിയുടെ നേതൃത്വത്തിൽ ധനമന്ത്രി തോമസ് ഐസക്കിനും ട്രഷറി ഡയറക്ടർക്കും നിവേദനം നൽകി.
ഇതിന്റെ തുടർ പ്രവർത്തനമെന്ന നിലയിൽ നാളെ മൂന്നിന് സമിതിയുടെ ആഭിമുഖ്യത്തിൽ പെൻഷൻകാരെ പങ്കെടുപ്പിച്ച് എടത്വ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ ബഹുജന കണ്വൻഷൻ നടത്തുമെന്ന് പ്രസിഡന്റ് പി.കെ. സദാനന്ദൻ, ജനറൽ കണ്‍വീനർ ഡോ. ജോണ്സണ് വി. ഇടിക്കുള എന്നിവർ അറിയിച്ചു.