സ്വന്തം ലേഖകന്‍
കൊണ്ടോട്ടി: മരണപ്പെട്ടവരുടേയും പുനര്‍ വിവാഹിതരായ വിധവകളുടേയും പെന്ഷന് തട്ടിയെടുക്കുന്ന ബന്ധുക്കളെ കണ്ടെത്താന്‍ അങ്കണവാടി ജീവനക്കാരും ആശാവര്‍ക്കര്‍മാരും പരിശോധനയ്ക്കെത്തുന്നു.
ഓരോ മാസവും ഇവര്‍ വാര്‍ഡുകളില്‍ സാമൂഹ്യസുരക്ഷ പെന്ഷന് വാങ്ങുന്നവരുടെ ലിസ്റ്റ് പരിശോധിച്ച് അനര്‍ഹരെ ഒഴിവാക്കും.
വിവാഹിതരുടേയും മരണപ്പെട്ടവരുടേയും പേരിലുളള പെന്ഷന് വ്യാപകമായി ബന്ധുക്കള്‍ കൈപ്പറ്റുന്നുവെന്ന പരാതികള്‍ ലഭിച്ചതോടെയാണ് നടപടി കര്‍ക്കശമാക്കുന്നത്.
സാമൂഹ്യ സുരക്ഷ പെന്ഷന് അപേക്ഷകരുടെ പുതിയ മാര്‍ഗ നിര്‍ദേശങ്ങളും പുറത്തിറക്കിയിട്ടുണ്ട്. ഇതനുസരിച്ച് അപേക്ഷകന് ആധാര്‍ കാര്‍ഡില്ലെങ്കില്‍ റേഷന്‍ കാര്‍ഡും പരിഗണിക്കും.
എന്നാല്‍ ആധാര്‍ കാര്‍ഡ് ലഭ്യമായാല്‍ ഇവ അപേക്ഷകളില്‍ ഉള്‍പ്പെടുത്തണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. അപേക്ഷകന്റെ പ്രായം തെളിയിക്കാന്‍ ഡ്രൈവിംഗ് ലൈസന്‍സ്,പാസ്പോര്‍ട്ട്, സ്കൂള്‍ സര്‍ട്ടിഫക്കറ്റ് തുടങ്ങിയവയും പരിഗണിക്കും. ഇവയൊന്നുമില്ലാത്തവര്ക്ക് ഡോക്ടര്‍ സര്‍ട്ടിഫിക്കറ്റും ഹാജരാക്കാം.
വിവാഹിതരായ മക്കളുടെ വരുമാനം കണക്കിലെടുത്ത് മാതാപിതാക്കളുടെ സാമൂഹ്യ സുരക്ഷാ പെന്ഷന് ഇതി മുതല്‍ തടയില്ല. എന്നാല്‍ അപേക്ഷകന്റെ പേരിലോ, കുടംബത്തിന്റെ പേരിലോ രണ്ട് ഏക്കറില്‍ കൂടുതല്‍ ഭൂമിയും വസ്തുക്കളും പാടില്ലെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.
1000 സിസിയില്‍ കൂടുതല്‍ എന്ജിന് കപ്പാസിറ്റിയുളള ടാക്സിയല്ലാത്ത നാലോ അധിലധികമോ ചക്രങ്ങളുള്ള വാഹനങ്ങളുമുണ്ടാകരുത്. അംബാസിഡര്‍ കാറിന് ഇളവ് ലഭിക്കും.
മക്കളുടെ വാഹനം മാതാപിതാക്കളുടെ പേരിലായായും പെന്ഷന് അപേക്ഷ നിരസിക്കും. വീട്ടില്‍ എയര്‍ കണ്ടീഷനും വീടിന്റെ തറ വിസ്തീര്‍ണം 2000 ചതുരശ്ര അടിയില്‍ കൂടിയാലും പെന്ഷന് തടയും.
പെന്ഷന് അപേക്ഷകന് കുടുംബ വാര്‍ഷിക വരുമാനം ഒരുലക്ഷം രൂപയില്‍ കവിയരുത്.സര്‍വീസ് പെന്ഷന്, കുടുംബ പെന്ഷന് വാങ്ങുന്നവരുടെയും ആദായ നികുതി നല്‍കുന്നവരുടേയും അപേക്ഷ തടയും.
കര്‍ഷക പെന്‍ഷനും വാര്‍ധക്യകാല പെന്‍ഷനും കൈപറ്റുന്നവർക്ക് 60 വയസിന് മുകളില്‍ പ്രായമുണ്ടാകണം. വിധവാ പെന്ഷന് അപേക്ഷകര്‍ ഭര്‍ത്താവിന്റെ മരണ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.
ഭര്‍ത്താവിനെ ഏഴ് വര്‍ഷത്തിലധികമായി കാണാനില്ലെങ്കില്‍ റവന്യൂ വിഭാഗം നല്കുന്ന വിധവാ സര്‍ട്ടിഫക്കറ്റ് ഹാജരാക്കണം.നിയമപരമായി വിവാഹ ബന്ധം വേര്പ്പെടുത്തിയവരെ വിധവയായി കണക്കാക്കില്ല.
വിധവകള്‍ എല്ലാ വര്‍ഷവും തങ്ങള്‍ പുനര്‍ വിവാഹരല്ലെന്ന് തെളിയിക്കുന്ന രേഖ ഹാജരാക്കണം.വികലാംഗ പെന്‍ഷന്‍കാര്‍ക്ക് ക്ഷേമനിധി ബോര്‍ഡിന്റെ 600 രൂപ പെന്‍ഷനും അര്‍ഹതയുണ്ട്.