അഴീക്കോട്: അധികാരത്തിൽ വന്നാൽ ക്ഷേമ പെൻഷനുകൾ വീട്ടുകളിൽ എത്തിക്കുമെന്ന് പറഞ്ഞവർ പെൻഷൻ നൽകാതെ ഗുണഭോക്താക്കളെ വഞ്ചിക്കുകയാണെന്ന് ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി. എൽഡിഎഫ് സർക്കാരിന്റെ ജനദ്രോഹ നടപടികൾക്കെതിരേ ക്ഷേമപെൻഷനുകൾക്ക് കൊണ്ട് വന്ന നിയന്ത്രണങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് അഴീക്കോട് പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന പഞ്ചായത്ത് ഓഫീസ് ധർണ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് ക്ഷേമ പെൻഷനുകൾ അർഹതപ്പെട്ട എല്ലാവർക്കും ലഭിക്കുന്നതിന് വേണ്ടി മാനദണ്ഡങ്ങൾ ലഘൂകരിച്ചപ്പോൾ പിണറായി സർക്കാർ പുതിയ നിയന്ത്രണങ്ങൾ കൊണ്ട് വന്ന് അർഹതപ്പെട്ടവർക്ക് പെൻഷൻ നിഷേധിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്ന് സതീശൻ പാച്ചേനി പറഞ്ഞു.
മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് കെ.വി. അഷ്റഫ് അധ്യക്ഷത വഹിച്ചു. വി.പി. വമ്പൻ സാഹിബ്, ബാലകൃഷ്ണൻ, സി. നാരായണൻ, ടി. ജയകൃഷ്ണൻ, ബിജു ഉമ്മർ, ടി.കെ. അജിത്, പുഷ്പ, കെ.വി. ഹാരിസ്, കെ.പി. ഹാരിസ്, കാരിച്ചി ശശി, എം.എൻ. രവീന്ദ്രൻ, എം. വിനോദ് എന്നിവർ പ്രസംഗിച്ചു.