പങ്കാളി മരിച്ചാൽ സർക്കാർ നൽകുന്ന പെൻഷൻ പണം സ്വന്തമാക്കാൻ ഇരുപത്തിയഞ്ചുകാരൻ വിവാഹം ചെയ്തത് ബന്ധുവായ 91 വയസുകാരിയെ. അർജന്റീന സ്വദേശിയായ മൗറീഷ്യോ ഒസോളയാണ് പെൻഷൻ പണത്തിനായി ആന്റി കൂടിയായ യൊളന്ദയെ വിവാഹം ചെയ്യ്തത്.
അച്ഛനും അമ്മയും ബന്ധം വേർപെടുത്തിയതിനു ശേഷം മൗറീഷ്യോയും അമ്മയും മുത്തശിയും സഹോദരനും ട്രെസ് സെറിറ്റോസിലുള്ള യൊളന്ദയ്ക്കൊപ്പമായിരുന്നു താമസം. കാലം കടന്നു പോയി. മൗറീഷ്യസിന് ഇരുപത്തിയൊന്നു വയസുള്ളപ്പോൾ നിയമപഠനത്തിനായി കോളജിൽ ചേർന്നു. എന്നാൽ പണം വിലങ്ങുതടിയായപ്പോൾ പഠനം പാതിവഴിയിൽ അവസാനിപ്പിക്കാൻ മൗറീഷ്യസ് തീരുമാനിച്ചു. അങ്ങനെയിരിക്കയാണ്, ഭാര്യ മരിച്ചാൽ ഭർത്താവിന് പെൻഷനായി നല്ലൊരു തുക ലഭിക്കുമെന്ന കാര്യം അദ്ദേഹം ചിന്തിച്ചത്. വയോധികയായ യൊളന്ദയെ വിവാഹം കഴിച്ചാൽ അവരുടെ കാലശേഷം ലഭിക്കുന്ന പെൻഷൻ പണം ഉപയോഗിച്ച് തന്റെ പഠനം പൂർത്തിയാക്കാൻ സാധിക്കുമെന്നും മൗറീഷ്യസ് മനസിലാക്കി.
കുറച്ചു ദിവസങ്ങൾക്ക് ശേഷം രണ്ടും കൽപ്പിച്ച് തന്റെ മനസിലെ കാര്യം മൗറീഷ്യസ് ആന്റിയോട് പറയുകയും ചെയ്യ്തു. ഇതിന് മറുപടിയായി യൊളന്ദ പറഞ്ഞത് ഇങ്ങനെ- “എന്നെ എപ്പോഴും സഹായിക്കുന്നത് നീയാണ്. എന്നെ ഡോക്ടറുടെ അടുക്കൽ കൊണ്ടുപോകുന്നതുൾപ്പടെ എന്റെ എല്ലാ ആഗ്രഹങ്ങളും സാധിച്ചു തരുന്നത് നീയാണ്. അതുകൊണ്ട് എന്റെ കാലശേഷം നിനക്ക് പഠിക്കാനായി പണം ലഭിക്കുമെങ്കിൽ നിന്നെ വിവാഹം ചെയ്യാൻ ഞാൻ തയാറാണ്...’
കുറച്ചു നാളുകൾക്ക് ശേഷം 2015 ഫെബ്രുവരിയിൽ ഇരുവരും വിവാഹിതരായി. അധികമാരെയും ക്ഷണിക്കാതെയായിരുന്നു ചടങ്ങുകൾ. സന്തോഷകരമായി നീണ്ടുപോയ ദാന്പത്യ ജീവിതത്തിന് അന്ത്യം കുറിച്ച് പതിനാല് മാസങ്ങൾക്ക് ശേഷം യൊളന്ദ മരണമടഞ്ഞു. തന്റെ മനസിലെ ആഗ്രഹം പൂർണമാക്കാനായി മൗറിഷ്യസ് ഉടൻ തന്നെ പെൻഷൻ ലഭിക്കുവാനുള്ള നിയമ നടപടികളും ആരംഭിച്ചു. എന്നാൽ കാര്യങ്ങൾ അത്ര എളുപ്പമായിരുന്നില്ല. പെൻഷനായി ഇദ്ദേഹം സമർപ്പിച്ച രേഖകൾ അധികൃതർ സ്വീകരിച്ചില്ല. കാരണം ഇങ്ങനെയൊരു വിവാഹം നടന്നതായി തങ്ങൾക്ക് അറിയില്ലെന്ന് മൗറീഷ്യസിന്റെ അയൽക്കാർ അധികൃതരെ അറിയിച്ചിരുന്നു. എന്നാൽ നിയമവിധേയമായാണ് വിവാഹം നടന്നതെന്നും അതിന്റെ എല്ലാ രേഖകളും തന്റെ കൈവശമുണ്ടെന്നും അവകാശം നിഷേധിക്കപ്പെട്ടാൽ അത് സാധിച്ചെടുക്കുന്നതിനായി അർജന്റീന സുപ്രീംകോടതി വരെ പോകാനും താൻ തയാറാണെന്നുമാണ് മൗറീഷ്യസ് പറഞ്ഞത്.
കള്ളത്തരമൊന്നുമില്ലാതെയാണ് താൻ യൊളന്ദയെ സ്നേഹിച്ചത്, അവർ തന്നിൽ നിന്ന് അകന്നതിന്റെ ദുഃഖം ഇപ്പോഴും അനുഭവിക്കുകയാണ്. ഈ പെൻഷൻ ലഭിക്കുന്നതിനായുള്ള എല്ലാ നിയമരേഖകളും താൻ സമർപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിയമപോരാട്ടത്തിന് ഒടുവിൽ മൗറീഷ്യസ് വിജയിക്കുക തന്നെ ചെയ്തു. സംഭവം അറിഞ്ഞവർ പല തരത്തിലുള്ള അഭിപ്രായപ്രകടനങ്ങളാണ് നടത്തിയത്. നിയമ വ്യവസ്ഥയെ കബളിപ്പിക്കാനാണ് മൗറീഷ്യസ് ശ്രമിച്ചതെന്ന് ചിലർ പറയുന്പോൾ മറ്റ് ചിലർ പറയുന്നത് മൗറീഷ്യസ് ഒരു ബുദ്ധിമാനാണെന്നാണ്.