അതിരപ്പിള്ളി. നിർമാണ പ്രവർത്തനങ്ങൾ നടത്തിയിട്ടും ബില്ലുകൾ മാറി നല്കാത്തതിനാൽ തൃശൂർ ജനറേഷൻ സർക്കിളിന് കീഴിലുള്ള പവർ ഹൗസുകളിലെ നവീകരണ പ്രവർത്തനങ്ങൾ ഇഴയുന്നു. ഷോളയാർ, പെരിങ്ങൽക്കുത്ത്, കക്കയം തുടങ്ങി മൂന്ന് പവർ ഹൗസുകളിലുമായി 500 കോടിയിലേറെ രൂപയുടെ നവീകരണ പ്രവർത്തനങ്ങളാണ് നടന്ന് കൊണ്ടിരിക്കുന്നത്.
ഷോളയാർ പവർ ഹൗസിലെ ഒന്നാം നന്പർ പെൻസ്റ്റോക്ക് പൈപ്പ് മാറ്റൽ, ജനറേറ്റർ മാറ്റി സ്ഥാപിക്കൽ എന്നിവ ഏപ്രിൽ അവസാനത്തോടെ തീർക്കാനായിരുന്നു പദ്ധതി. എന്നാൽ 40 ശതമാനത്തോളം പണിയെ തീർന്നിട്ടുള്ളൂ.ജനറേഷൻ സർക്കിളിലെ ഉന്നത ഉദ്യോഗസ്ഥൻ ഇടപെട്ട് കരാറുകാരുടെ ബില്ല് പാസാക്കുന്നത് തടയുന്നത് മൂലമാണ് നവീകരണ ജോലികൾ മന്ദഗതിയിലാകാൻ പ്രധാന കാരണമെന്നാണ് ആരോപണം.
ജോലികൾ തീർത്ത് ബില്ല് നല്കിയിട്ട് ആറുമാസമായെങ്കിലും പാസാക്കിയിട്ടില്ലെന്ന് കരാറുകാർ പറയുന്നു. അരക്കോടിയിലേറെ രൂപയാണ് വിവിധ ജോലികൾ ചെയ്ത് തീർത്ത വകയിൽ പാസാക്കാനുള്ളത്. ഇതുമൂലം അറ്റകുറ്റപ്പണികളും നിർമാണ പ്രവർത്തനങ്ങളും വളരെ സാവധാനത്തിലായി. ബില്ലുകൾ പാസാക്കുന്നത് വൈകുന്നതിനാൽ പല കരാറുകാരും റീ ടെൻഡർ വച്ചിട്ട് പോലും ഇപ്പോൾ ജോലികൾ എടുക്കുന്നില്ല.
ബില്ലുകൾ പാസാക്കാൻ ഉദ്യോഗസ്ഥൻ കരാറുകാരെ നേരിട്ട് ഓഫീസിൽ വിളിച്ച് വരുത്തി കൈക്കൂലി ചോദിക്കുന്നു എന്നാണ് ആരോപണം. ബില്ലുകൾ തടഞ്ഞ് വച്ചതിനെ സംബന്ധിച്ച കരാറുകാർ വൈദ്യുതി മന്ത്രിക്കും ബോർഡിനും പരാതി നല്കിയിട്ടുണ്ട്.നവീകരണ പ്രവർത്തനങ്ങൾ കരാറെടുത്ത വൻകിട കന്പനികളുടെ മെല്ലെ പോക്കും നിർമാണ ജോലികൾ സാവധാനത്തിലാക്കുന്നു.
ഫരീദാബാദിലെ ഫ്ലോവൽ കന്പനിയാണ് ഷോളയാർ പവർഹൗസിലെ ജനറേറ്റർ നവീകരണം കരാറെടുത്തിരിക്കുന്നത്. ഹൈദരാബാദിലെ പെസ് എന്ന കന്പനിയാണ് പെൻസ്റ്റോക്ക് നവീകരണം ചെയ്യുന്നത്. വെദ്യുതി വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥന്റെ അനാവശ്യ ഇടപെടലുകൾ മൂലമാണ് നവീകരണ പ്രവർത്തനങ്ങൾ മന്ദഗതിയിലാകാൻ കാരണമെന്നാണ് ആരോപണം.