കുറവിലങ്ങാട്: മോഷണവുമായി ബന്ധപ്പെട്ട അന്വേഷണം എത്തിനിൽക്കുന്നത് അനാശാസ്യ ഇടപാടുകാരിൽ. മുട്ടുങ്കൽ-മുക്കവലക്കുന്ന് ഭാഗത്തെ ഒരു വീട്ടിൽ മോഷണം നടന്നതുമായി ബന്ധപ്പെട്ട് അന്വേഷണത്തിനിടയിൽ പോലീസ് വലയിൽ കുടുങ്ങിയ യുവാവിനെ ചുറ്റിപ്പറ്റി പുറത്തെത്തിയത് അനാശാസ്യ ബന്ധങ്ങളായിരുന്നു. ഇയാളെ പോലീസ് ചോദ്യംചെയ്ത് തീരും മുൻപേ രാഷ്ട്രീയ ബലത്തിൽ പുറത്തിറങ്ങി മാന്യമായി രക്ഷപ്പെട്ടത് ഇവിടത്തെ ചരിത്രം.
കഴിഞ്ഞ ദിവസങ്ങളിൽ കോഴാ ഭാഗത്ത് നിന്ന് ബൈക്കും സ്കൂട്ടറും മോഷണം പോയ സംഭവത്തിലെ അന്വേഷണവും എത്തുന്നത് ഇത്തരത്തിലാണ്. അനാശാസ്യ ഇടപാടുകൾക്ക് എത്തുന്പോൾ മോഷണവും ഹരമാക്കുന്നതായാണ് സാഹചര്യങ്ങൾ പറയുന്നത്.
കോഴാ ഭാഗത്ത് നിന്ന് വാഹനങ്ങൾ മോഷണം പോകുന്നത് പതിവായതോടെയാണ് നാട്ടുകാർ സംഘടിതരായി നിരീക്ഷണം നടത്തിയത്. ഇതിനിടയിലാണ് അപരിചിതനായ യുവാവ് പിടിയിലായത്. ചോദ്യം ചെയ്തപ്പോൾ പുറത്തെത്തിയത് ഞെട്ടിക്കുന്ന കഥകളാണ്.
ഇയാളുമായി ബന്ധപ്പെട്ട സംഘത്തിലൊരാളെയും വലയിലാക്കാൻ നാട്ടുകാർക്ക് കഴിഞ്ഞു. ഇവരെ പിന്നീട് പോലീസിന് വിട്ടുനൽകുകയായിരുന്നു. ഏറ്റുമാനൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സംഘത്തിൽ പ്രായപൂർത്തിയാകാത്തവരടക്കമാണുള്ളത്. പിടിയിലായ സംഘത്തിൽ നിന്ന് ആയുധങ്ങളും കണ്ടെടുത്തുവെന്ന് പറയുന്നുണ്ട്. മൊബൈൽ ചാറ്റുകളിൽ ബന്ധങ്ങൾ സ്ഥാപിച്ച് വീടുകളിൽ സന്ദർശകരാകുകയും മറ്റ് വഴിവിട്ട ഇടപാടുകൾ പതിവാക്കുകയുമാണ് പലയിടങ്ങളിലും നടക്കുന്നത്.