പേരൂർക്കട: വാടകവീട് കേന്ദ്രീകരിച്ച് പെൺവാണിഭം നടത്തിവന്ന സംഘത്തെ സ്പെഷൽ ബ്രാഞ്ച് എസ്.ഐ ബിജു എസ്. നായരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വട്ടിയൂർക്കാവ് പോലീസ് പിടികൂടി.
കുടപ്പനക്കുന്ന് ഇരപ്പുകുഴി സ്വദേശി ശാന്തി (40), നരുവാമൂട് സ്വദേശി നിഖിൽ (38), വലിയറത്തല സ്വദേശി രഞ്ജിത്ത് (38), ഇടുക്കി വണ്ടിപ്പെരിയാർ സ്വദേശി സംഗീത (26) എന്നിവരാണ് പിടിയിലായത്.
വട്ടിയൂർക്കാവ് മേലത്തുമേലെ സി- ആപ്റ്റിന് സമീപം ഒരു ഇരുനില വീട് വാടകയ്ക്ക് എടുത്താണ് സംഘം പ്രവർത്തിച്ചു വന്നിരുന്നത്.
കഴിഞ്ഞ ഒന്നരമാസമായി ഇവിടം കേന്ദ്രീകരിച്ച് ഇടപാടുകൾ നടന്നു വന്നിരുന്നതായാണ് സൂചന.
ഇരപ്പകുഴി സ്വദേശി ശാന്തിയാണ് സംഘത്തിലെ മുഖ്യകണ്ണി. കുറച്ചുദിവസമായി പുരുഷന്മാരും സ്ത്രീകളും വാടക വീട്ടിലേക്ക് വന്നു പോകുന്നത് പതിവായിരുന്നു എന്നാണ് പ്രദേശവാസികൾ പറയുന്നത്.
വീട്ടിൽ നിന്ന് നാലു മൊബൈൽ ഫോണുകൾ, രണ്ടു പഴ്സ്, വസ്ത്രങ്ങൾ, ഗർഭനിരോധന ഉറകൾ എന്നിവ പോലീസ് കണ്ടെടുത്തു. പോലീസ് വീട്ടിൽ പരിശോധനയ്ക്ക് എത്തുമ്പോൾ പ്രധാന കണ്ണികൾ ഇവിടെത്തന്നെ ഉണ്ടായിരുന്നു.
അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.