പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേര് തെരുവിന് നല്‍കിയതിന്റെ പേരില്‍ വൃദ്ധനെ ആക്രമി സംഘം കൊലപ്പെടുത്തിയെന്ന് റിപ്പോര്‍ട്ട്. ബിഹാറിലെ ദര്‍ഭംഗ ജില്ലയിലാണ് സംഭവം. 70 കാരനായ രാമചന്ദ്ര യാദവാണ് സംഭവത്തില്‍ കൊലപ്പെട്ടത്. ആക്രമത്തിനു പിന്നില്‍ 50 ഓളം പേരുണ്ടെന്നാണ് വിവരം.
രാമചന്ദ്ര യാദവ് തന്റെ ഗ്രാമത്തിലെ തെരുവിന് നരേന്ദ്രമോദി ചൗക് എന്ന് പേരിട്ടിരുന്നു. ഇതില്‍ പ്രകോപിതനായ ആക്രമികളുടെ സംഘം വാളും ഹോക്കി സ്റ്റിക്കും ഉപയോഗിച്ച് വൃദ്ധനെ കൊലപ്പെടുത്തുകയായിരുന്നു. ഇയാള്‍ കാര്യങ്ങള്‍ ആക്രമി സംഘത്തെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചിട്ടും അവര്‍ കേള്‍ക്കാന്‍ മനസു കാണിച്ചില്ലെന്ന് കൊല്ലപ്പെട്ട വ്യക്തിയുടെ മകന്‍ പറഞ്ഞു.
അക്രമികളെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ച വൃദ്ധന്റെ സഹോദരനെയും സംഘം മര്‍ദിച്ചു. ആക്രമം നടത്തിയവര്‍ക്ക് ആര്‍.ജെ.ഡിയുടെ പിന്തുണയുണ്ടെന്ന് കുടുംബം ആരോപിച്ചു. ആര്‍.ജെ.ഡിയുടെ ശക്തികേന്ദ്രമായ സ്ഥലത്ത് മോദിയുടെ പേര് തെരുവ് നല്‍കിയത് കൊണ്ടാണ് വൃദ്ധനെ കൊലപ്പെടുത്തിയതെന്നാണ് ബന്ധുക്കള്‍ പറയുന്നത്.