പണി പാളീന്നാ തോന്നുന്നത്… റോഡിലെ വന്‍പിഴ ശിക്ഷ അടയ്ക്കാന്‍ തയ്യാറാകാതെ ജനങ്ങള്‍; കോടതിയില്‍ കാണാമെന്ന് പറഞ്ഞ് ആളുകള്‍ വണ്ടി വിടുന്നതോടെ വെട്ടിലാകുന്നത് പോലീസും മോട്ടോര്‍വാഹനവകുപ്പും…

ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴ ശിക്ഷ കുത്തനെ ഉയര്‍ത്തിയതോടെ സ്ഥിതിഗതികള്‍ ആകെ മാറിമറിയുന്നു. ഹെല്‍മറ്റ് വയ്ക്കാത്തതിനും സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിനും ഇന്നലെ പിടിയിലായവരില്‍ നല്ലൊരു പങ്കും പണം നല്‍കാന്‍ തയാറായില്ല. പകരം കേസ് കോടതിയിലേക്കു വിടൂ എന്നറിയിച്ചു വണ്ടിയുമായി പോവുകയായിരുന്നു ചെയ്തത്.

മുമ്പ് തര്‍ക്കിക്കാന്‍ മിനക്കെടാതെ 100 രൂപ കൊടുത്ത് പോകുന്നതായിരുന്നു പതിവെങ്കില്‍ പിഴ 1000 ആക്കിയതോടെ ചുമ്മാ 1000 കളയാന്‍ ഒട്ടുമിക്ക ആളുകളും തയ്യാറാവുന്നില്ല. കേസ് കോടതിയിലേക്ക് വിടൂ എന്നറിയിച്ച് വണ്ടിവിട്ടു പോവുകയാണ് ചെയ്യുന്നത്. കേസ് കോടതിയിലേക്കു നീങ്ങിയാല്‍ സമന്‍സ് നല്‍കാനും മറ്റും മോട്ടര്‍വാഹന വകുപ്പില്‍ ആവശ്യത്തിന് ഉദ്യോഗസ്ഥരുമില്ല. ഒരാഴ്ചയ്ക്കകം പിഴത്തുകയുമായി ആര്‍ടി ഓഫിസിലെത്താന്‍ അറിയിച്ചാണ് ഇന്നലെ ഉദ്യോഗസ്ഥര്‍ പ്രശ്‌നം പരിഹരിച്ചത്. പണം അടച്ചില്ലെങ്കില്‍ എന്തു ചെയ്യുമെന്ന കാര്യത്തില്‍ തീരുമാനമില്ല.

സംസ്ഥാനത്ത് ഒരു ദിവസം പതിനായിരത്തിലേറെപ്പേരാണ് ഹെല്‍മറ്റ് വയ്ക്കാത്തതിനു പിടിയിലാകുന്നത്. ഇവര്‍ കേസ് കോടതിയിലേക്കു വിടണമെന്നാവശ്യപ്പെട്ടാല്‍ പൊലീസിന് മറ്റു പണി ചെയ്യാനാവില്ല. പിടികൂടിയ ഉടന്‍ ശിക്ഷ നിര്‍ണയിച്ചു പിഴ ഈടാക്കിയിരുന്ന മൊബൈല്‍ കോടതികളാകട്ടെ നിര്‍ത്തലാക്കിയിട്ട് രണ്ടു വര്‍ഷമായി. സീറ്റ് ബെല്‍റ്റ് ധരിക്കാതെ വാഹനമോടിക്കുന്നവര്‍ പിടിയിലാകുമ്പോള്‍ സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നുവെന്ന നിലപാടാണ് ഇപ്പോള്‍ സ്വീകരിക്കുന്നത്. മുന്‍പ് പൊലീസും മോട്ടര്‍വാഹന വകുപ്പും ലംഘനങ്ങള്‍ കാമറയില്‍ പകര്‍ത്തിയിരുന്നു.

എന്നാല്‍, ഇപ്പോള്‍ രണ്ടു വിഭാഗങ്ങള്‍ക്കും ഡിജിറ്റല്‍ കാമറയില്ല. ചില ഉദ്യോഗസ്ഥര്‍ സ്വന്തം മൊബൈല്‍ ഫോണില്‍ ദൃശ്യം പകര്‍ത്തിയാണു നിയമലംഘകരെ ബോധ്യപ്പെടുത്തുന്നത്. തലസ്ഥാന ജില്ലയില്‍പോലും പൊലീസിന് ആവശ്യത്തിനു കാമറയില്ല. പ്രധാനവീഥികളില്‍ സ്ഥാപിച്ച കാമറകളില്‍ മുക്കാല്‍ പങ്കും പ്രവര്‍ത്തിക്കുന്നുമില്ല. മഴക്കാലമായതിനാല്‍ റോഡുകളെല്ലാം തകര്‍ന്ന അവസ്ഥയിലാണ്. നിയമലംഘനത്തിനു പിടിയിലാകുന്നവരില്‍ നല്ലൊരു പങ്കും ഇക്കാര്യം ചൂണ്ടിക്കാട്ടി തട്ടിക്കയറാനും തുടങ്ങി. ഈയാഴ്ച പിഴ ഈടാക്കുന്നതില്‍ മെല്ലെപ്പോക്കു സമീപനം സ്വീകരിക്കാനാണു പൊലീസിന്റെയും മോട്ടര്‍വാഹന വകുപ്പിന്റെയും തീരുമാനം. ബോധവല്‍ക്കരണത്തിനാണു മുന്‍തൂക്കം.

തിരുവനന്തപുരംന്മ വാഹനമോടിക്കുന്നവര്‍ പരിശോധന സമയത്ത് ലൈസന്‍സിന്റെയും മറ്റു രേഖകളുടെയും ഡിജിറ്റല്‍ പകര്‍പ്പ് കാണിച്ചാല്‍ മതിയെന്ന് മോട്ടര്‍ വാഹന വകുപ്പ്. രേഖകള്‍ നല്‍കാന്‍ വിസമ്മതിച്ചാല്‍ 2000 രൂപയാണ് ഇപ്പോള്‍ പിഴ. ലൈസന്‍സ് ഇല്ലെങ്കില്‍ 5000 രൂപയും ഇന്‍ഷുറന്‍സ് കരുതാതിരുന്നാല്‍ 2000 രൂപയും നല്‍കണം. രേഖകള്‍ കൈവശമില്ലെങ്കില്‍ മൊബൈല്‍ ഫോണിലെ ‘ഡിജിലോക്കറില്‍’ ഇവ കാട്ടിയാല്‍ മതി. രേഖകളുടെ ഫോട്ടോ ഫോണില്‍ ഉണ്ടെങ്കില്‍ അതും കാണിക്കാം. എന്നാല്‍, ഇവയുടെ ആധികാരികത സംബന്ധിച്ചു സംശയം ഉന്നയിച്ചാല്‍ ഒറിജിനല്‍ കാട്ടാന്‍ വാഹനമോടിക്കുന്നയാള്‍ ബാധ്യസ്ഥനാണ്. ഡ്രൈവിങ് ലൈസന്‍സ്, വാഹനത്തിന്റെ റജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, ഇന്‍ഷുറന്‍സ് രേഖ, നികുതി അടച്ച രസീത്, പുക പരിശോധനാ സര്‍ട്ടിഫിക്കറ്റ് എന്നിവയാണ് വാഹനത്തില്‍ കരുതേണ്ടത്.

Related posts