മനുഷ്യർ മനുഷ്യരോട് മാത്രമല്ല മൃഗങ്ങളോടും കരുണ കാണിക്കുമ്പോഴാണ് മനുഷ്യത്വം വിജയിക്കുന്നത്. മനുഷ്യത്വം മരവിച്ച ഈ കാലത്ത്, സാഹസികമായി ഒരു കൂട്ടം മനുഷ്യർ മരണത്തിന്റെ മുന്നിൽ നിന്നും ഒരു നായയെ രക്ഷിക്കുന്ന വീഡിയോയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
ജലസംഭരണിയിൽ കുടുങ്ങിയ നായയെ രക്ഷിക്കാൻ ഒരു കൂട്ടം യുവാക്കൾ ഒത്തുചേർന്നു. ഹൃദയസ്പർശിയായ രക്ഷാദൗത്യം ഇന്റർനെറ്റിൽ ഉപയോക്താക്കളുടെ ഹൃദയം കീഴടക്കി മനുഷ്യത്വം ഉണ്ടെന്ന് തെളിയിച്ചിരിക്കുകയാണ്.
രണ്ട് വർഷം മുമ്പ് സോഷ്യൽ മീഡിയയിൽ പ്രചരിച്ച വീഡിയോ കഴിഞ്ഞ ദിവസം വീണ്ടും ഓൺലൈനിൽ പ്രത്യക്ഷപ്പെടുകയായിരുന്നു. ‘ഈ ടീം അത്ഭുതകരമായി നായയെ രക്ഷിച്ചു’ എന്നാണ് വീഡിയോയ്ക്ക് നൽകിയിരിക്കുന്ന അടിക്കുറിപ്പ്.
ചുറ്റും ജലം ശക്തിയായി ഒഴുകുമ്പോൾ കുടുങ്ങി കിടക്കുന്ന നായയുടെ ദൃശ്യങ്ങൾ കാണിച്ചാണ് വീഡിയോ ആരംഭിക്കുന്നത്. ചരിവ് കുത്തനെയുള്ളതിനാൽ നായയ്ക്ക് അതിൽ കയറാൻ കഴിഞ്ഞില്ല. മുകളിൽ നിൽക്കുന്ന ഒരു കൂട്ടം ആളുകളെ നിസ്സഹായനായി നായ നോക്കുന്നുമുണ്ട്.
രക്ഷിക്കാനുള്ള ശ്രമത്തിൽ ഒരാൾ നായയ്ക്കൊപ്പം താഴെ നിന്നു. മറ്റുള്ളവരും ലക്ഷ്യത്തിനായി അദ്ദേഹത്തോടൊപ്പം ചേർന്നു. മുകളിൽ നിൽക്കുന്ന പുരുഷന്മാർ പരസ്പരം കൈകളിൽ പിടിച്ച് ഒരു ചങ്ങലപോലെ താഴേക്കിറങ്ങി. തുടർന്ന് കുത്തനെയുള്ള ചരിവിലൂടെ ഇറങ്ങി ഓരോരുത്തരായി താഴെയെത്തി.
താഴെ നിൽക്കുന്ന ആൾക്ക് അവസാനം തൻ്റെ മുകളിലുള്ള ആളിലേക്ക് എത്താൻ കഴിഞ്ഞു. പിന്നാലെ മറ്റേ കൈകൊണ്ട് നായയുടെ കഴുത്തിലും പിടിച്ചു. തുടർന്ന് ആളുകൾ പരസ്പരം വലിച്ചുകൊണ്ട് മുകളിലേക്ക് കയറി. അവസാനം നായയെ അവർ വിജയകരമായി രക്ഷിക്കുകയും ചെയ്തു.
വീഡിയോ വളരെ പെട്ടെന്ന് തന്നെ ഇൻസ്റ്റഗ്രാമിൽ ശ്രദ്ധ നേടി. ഉപയോക്താക്കൾ രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയ യുവാക്കളുടെ സംഘത്തെ അഭിനന്ദിക്കുകയും ചെയ്തു. “ഇവരെപ്പോലെയുള്ള കൂടുതൽ ആളുകളെ ലോകത്തിന് ആവശ്യമുണ്ട്,നായയ്ക്കുവേണ്ടി സ്വന്തം ജീവൻ പണയപ്പെടുത്തുന്നു. യഥാർത്ഥ മനുഷ്യർ,” എന്നിങ്ങനെയാണ് ആളുകൾ വീഡിയോയ്ക്ക് കമന്റിട്ടിരിക്കുന്നത്.