വിപണി വിശേഷം / കെ.ബി. ഉദയഭാനു
കൊച്ചി: കുരുമുളകിന്റെ തിരിച്ചുവരവ് കര്‍ഷകര്‍ക്ക് ആവേശമായി, തെക്കന്‍ കേരളത്തില്‍ വിളവെടുപ്പ് പുരോഗമിക്കുന്നു. സുഗന്ധറാണി ഹൈറേഞ്ചിന്റെ രോമാഞ്ചമായി, കിലോ 1,520 രൂപ. ടോക്കോമിലെ മികവ് ഇന്ത്യന്‍ റബറിനും നേട്ടമായി. വെളിച്ചെണ്ണ വില അഞ്ചക്കത്തില്‍. സ്വര്‍ണത്തിന്റെ വിലയിടിവ് വിവാഹ പാര്‍ട്ടികള്‍ ഉത്സവമാക്കി.
കുരുമുളക്
തെക്കന്‍ കേരളത്തിലെ കുരുമുളക് ഉത്പാദകരുടെ പ്രതീക്ഷകള്‍ക്കു നിറം പകര്‍ന്ന് ഉത്പന്നവില ഉയര്‍ന്നു. നാലാഴ്ചകളിലെ വിലത്തകര്‍ച്ചയ്ക്കുശേഷം കറുത്ത പൊന്ന് വീണ്ടും തിളങ്ങിയത് കര്‍ഷകരുടെ വിശ്വാസം ഇരട്ടിപ്പിച്ചു. തെക്കന്‍ കേരളത്തില്‍ മൂപ്പു കുറഞ്ഞ കുരുമുളകിന്റെ വിളവെടുപ്പ് പുരോഗമിക്കുന്നു.
ക്രിസ്മസ്–ന്യൂ ഇയര്‍ ആവശ്യങ്ങള്‍ മുന്‍നിര്‍ത്തി ഉത്തരേന്ത്യക്കാര്‍ വിപണിയിലേക്കു ശ്രദ്ധതിരിച്ചത് അണ്‍ ഗാര്‍ബിള്‍ഡ് മുളകുവില ക്വിന്റലിന് 1,300 രൂപ ഉയര്‍ത്തി. ഗാര്‍ബിള്‍ഡ് കുരുമുളക് 69,500ലാണ്. വിദേശത്തുനിന്ന് ആവശ്യക്കാരില്ല. ഇന്തോനേഷ്യയും, വിയറ്റ്‌നാമും ബ്രസീലും വിലക്കുറവുമായി രംഗത്തുണ്ട്. രാജ്യാന്തര മാര്‍ക്കറ്റില്‍ ഇന്ത്യന്‍ കുരുമുളകുവില ടണ്ണിന് 10,875–11,125 ഡോളറാണ്.
ജനുവരി–ഓഗസ്റ്റ് കാലയളവില്‍ കൊച്ചി തുറമുഖംവഴിയുള്ള കുരുമുളക് കയറ്റുമതി 8,700 ടണ്ണില്‍ ഒതുങ്ങി. തൊട്ട് മുന്‍ വര്‍ഷം ഇത് 16,000 ടണ്ണിനു മുകളിലായിരുന്നു.
ഏലം
ക്രിസ്മസ്–പുതുവത്സര ഡിമാന്‍ഡ് മുന്നില്‍കണ്ട് ഏലക്ക ശേഖരിക്കാന്‍ വാങ്ങലുകാര്‍ ലേല കേന്ദ്രങ്ങളില്‍ മത്സരിച്ചു. വാങ്ങല്‍ താത്പര്യത്തില്‍ വണ്ടന്‍മേട്ടില്‍ ശനിയാഴ്ച ഏലക്ക വില കിലോ 1,520 രൂപയിലെത്തി. വാരത്തിന്റെ തുടക്കത്തില്‍ വില 1,390 രൂപയായിരുന്നു. പോയവാരം വിവിധ ലേലങ്ങളിലായി ഏകദേശം 400 ടണ്ണിന്റെ ഇടപാടുകള്‍ നടന്നു. മഴ ചുരുങ്ങിയത് കണക്കിലെടുത്താല്‍ ജനുവരിക്ക് ശേഷം ഉത്പാദനം കുറയാനിടയുണ്ട്.
മഞ്ഞള്‍
മഞ്ഞളിന് ആഭ്യന്തര–വിദേശ വിപണികളില്‍നിന്ന് പുതിയ അന്വേഷണങ്ങള്‍ ചുരുങ്ങി. കേരളത്തിലെയും തമിഴ്‌നാട്ടിലെയും വിപണികളില്‍ ഇടപാടുകള്‍ കുറഞ്ഞെങ്കിലും വില സ്‌റ്റെഡിയാണ്. കൊച്ചിയില്‍ വിവിധയിനം മഞ്ഞള്‍ 9,400–9,600 രൂപയിലാണ്.
ജാതിക്ക
ജാതിക്ക, ജാതിപത്രി വിലകള്‍ ചെറിയ അളവില്‍ ഉയര്‍ന്നു. മെച്ചപ്പെട്ട വില പ്രതീക്ഷിച്ച് ഉത്പാദകര്‍ ചരക്ക് ഇറക്കുന്നില്ല. ജാതിക്ക തൊണ്ടന്‍ 220–245 രൂപ, പരിപ്പ് 425–450, ജാതിപത്രി 500–875 രൂപ.
നാളികേരം
കൊപ്രാക്ഷാമം മില്ലുകളുടെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്ന ആശങ്കകള്‍ക്കിടെ വെളിച്ചെണ്ണവില പതിനായിരം കടന്നു. കൊപ്രയുടെ ലഭ്യത പെട്ടെന്ന് കുറഞ്ഞത് ക് മില്ലുകാര്‍ സ്‌റ്റോക്കുള്ള എണ്ണയ്ക്കു കൂടിയവില ആവശ്യപ്പെട്ടു. രൂപയുടെ മൂല്യത്തകര്‍ച്ച വിവിധ പാചക എണ്ണകളുടെ ഇറക്കുമതിച്ചെലവ് ഉയര്‍ത്തി. കൊച്ചിയില്‍ വെളിച്ചെണ്ണ 10,100ലും കൊപ്ര 6,815ലുമാണ്.
റബര്‍
ടോക്കോമില്‍ റബര്‍ ഒന്നര വര്‍ഷത്തെ ഏറ്റവും ആകര്‍ഷകമായ റേഞ്ചില്‍ എത്തി. റബര്‍വില പതിനാലു ശതമാനം പ്രതിവാര നേട്ടത്തിലാണ്. ജാപ്പനീസ് യെന്നിന്റെ കാലിടറിയതാണ് നിക്ഷേപകരെ റബറിലേക്കടുപ്പിച്ചത്. ഒപ്പം ചൈനയില്‍ റബറിനു പുതുവര്‍ഷത്തില്‍ ആവശ്യം വര്‍ധിക്കുമെന്ന വിലയിരുത്തലുകളും നേട്ടമായി. 2015 ജൂണിനുശേഷം ആദ്യമായി ടോക്കോമില്‍ റബര്‍ കിലോ 241 യെന്‍ വരെ കയറി. രാജ്യാന്തര വിപണിയിലെ ഉണര്‍വ് കണ്ട് ഇന്ത്യന്‍ ടയര്‍ നിര്‍മാതാക്കള്‍ നാലാം ഗ്രേഡ് ഷീറ്റ് വില 12,400ല്‍നിന്ന് 13,000 വരെ ഉയര്‍ത്തി. അഞ്ചാം ഗ്രേഡിന് 700 രൂപ വര്‍ധിച്ച് 12,700 രൂപയായി.
സ്വര്‍ണം
സ്വര്‍ണവില താഴ്ന്നത് വിവാഹ പാര്‍ട്ടികളെ ആഭരണകേന്ദ്രങ്ങളിലേക്ക് അടുപ്പിച്ചു. 22,400ല്‍നിന്ന് പവന്‍ 21,840 രൂപ വരെ താഴ്‌ന്നെങ്കിലും ശനിയാഴ്ച നിരക്ക് 21,920ലാണ്. ഒരു ഗ്രാമിന്റെ വില 2,740 രൂപ. ഔണ്‍സിന് 1,207 ഡോളറില്‍നിന്ന് 1,174 ഡോളര്‍ വരെ താഴ്ന്നശേഷം വാരാന്ത്യം ന്യൂയോര്‍ക്കില്‍ സ്വര്‍ണം 1,183 ഡോളറിലാണ്.