പൊന്നാനി: പെപ്പർ പദ്ധതിയിലൂടെ പൊന്നാനി മണ്ഡലം സംസ്ഥാനത്തെ പ്രധാന ടൂറിസ്റ്റ് ഹബ്ബായി മാറുമെന്ന് സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ. ഉത്തരവാദിത്ത ടൂറിസം മിഷൻ ആരംഭിക്കുന്ന പൊന്നാനി പെപ്പർ പദ്ധതിയുടെയും ഏകദിന ശിൽപശാലയുടെയും ഉദ്ഘാടനം പൊന്നാനി റൗബ റസിഡൻസി ഹോട്ടലിൽ നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
യാത്രകളെ അറിവുകളാക്കി മാറ്റുകയാണ് ടൂറിസത്തിന്റെ ലക്ഷ്യം. പെപ്പർ പദ്ധതിയോടനുബന്ധിച്ചു ടൂറിസം ഗ്രാമസഭകൾ സംഘടിപ്പിക്കുമെന്നും സ്പീക്കർ പറഞ്ഞു. ടൂറിസം സാധ്യതകളുള്ള പ്രദേശങ്ങളെ കണ്ടെത്തി ജനകീയ പങ്കാളിത്തത്തോടെ നടപ്പാക്കുന്ന ഉത്തരവാദിത്ത ടൂറിസം പദ്ധതിയാണ് പെപ്പർ.
ടൂറിസം മേഖലയുടെ ഗുണഫലങ്ങൾ സാധാരണക്കാർക്കു കൂടി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയുള്ള ഈ പദ്ധതിയിൽ പൊന്നാനി മണ്ഡലത്തിലെ എല്ലാ ടൂറിസം സാധ്യതകളെയും ബന്ധിപ്പിച്ചുള്ള വിപുലമായ പ്രവർത്തനങ്ങളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. പൊന്നാനി മണ്ഡലത്തിലെ വിവിധ ടൂറിസം സാധ്യതകളും ജനങ്ങളുടെ കഴിവും കരവിരുതുകളും പാരന്പര്യങ്ങളും പദ്ധതിയിൽ ഉൾപ്പെടുത്തും.
ഹെറിറ്റേജ്, മത്സ്യബന്ധനം, കയർ സംസ്കരണം, കളിമണ്‍ പാത്രനിർമാണം, കായൽ സവാരി, കടൽ അറിവുകൾ, പൊന്നാനി പലഹാരങ്ങൾ ഭക്ഷണം, ഖവ്വാലി, ഗസൽ സംഗീത ധാരകൾ, പൈതൃക ഭവനങ്ങളിലെ താമസം, പുഞ്ചക്കോൾ മേഖലയിലെ കൃഷി പരിചയം, പരിസ്ഥിതി പഠനം തുടങ്ങി സാധാരണ ജനങ്ങളുടെ ജീവിതവുമായി ഇഴചേർന്നു നിൽക്കുന്ന പദ്ധതികളാണ് ഇതിലൂടെ നടപ്പാക്കുക.
ശിൽപശാലയിൽ പെപ്പർ ടൂറിസം പദ്ധതിയും പൊന്നാനിയിലെ ടൂറിസം സാധ്യതകളും വിഷയത്തിൽ ഉത്തരവാദിത്ത ടൂറിസം മിഷൻ കോ-ഓർഡിനേറ്റർ കെ.രൂപേഷ് ക്ലാസെടുത്തു.