ചെന്നൈ: കൊക്കകോള, പെപ്സി ഉൽപ്പന്നങ്ങൾ ഒഴിവാക്കാൻ വ്യാപാരി സംഘടന തീരുമാനിച്ചതോടെ തമിഴ്നാട്ടിൽ പഴയ സ്റ്റോക്ക് കോളകൾ വിറ്റത് 10 രൂപയ്ക്ക്. ഇന്നു മുതൽ കൊക്കകോള, പെപ്സി ഉൽപ്പന്നങ്ങൾ വിൽക്കില്ലെന്ന് വ്യാപാരി സംഘനകൾ അറിയിച്ചു. 15 ലക്ഷം വ്യാപാരികൾ അംഗമായ സംഘടനയെടുത്ത തീരുമാനത്തിന് എല്ലാവരും പിന്തുണ അറിയിച്ചു.
കടുത്ത വരൾച്ചയിൽ ജനങ്ങൾ കുടിവെള്ളത്തിനായി ബുദ്ധിമുട്ടുന്പോൾ, ജലം ഉൗറ്റിയെടുത്ത് അനാരോഗ്യകരമായ ശീതള പാനീയങ്ങൾ നിർമ്മിക്കുന്ന് തടയുകയെന്ന വലിയ ലക്ഷ്യവും ഇതിനു പിന്നിലുണ്ട്. കൊക്കകോള, പെപ്സി തുടങ്ങിയവ മാരക വിഷാംശമുള്ളതാണെന്നു കണ്ടെത്തിയിട്ടുമുള്ളതിനാൽ ഇവയുടെ വിൽപ്പന കുറ്റകരമാണെന്നും വ്യവസായികളുടെ നിലപാട്.
മാർക്കറ്റിൽ വിൽക്കുന്ന സോഫ്റ്റ് ഡ്രിങ്കിന്റെ 90 ശതമാനവും പെപ്സിയും കൊക്കകോളയുമാണ്. 10 ശതമാനം മാത്രമേ പ്രദേശിക ബ്രാൻഡുകൾ ഉള്ളു. അതിനാൽ കോളകളുടെ നിരോധനം വ്യാപാരത്തെ ബാധിക്കുമെന്നാണ് റിപ്പോർട്ട്. എങ്കിലും തീരുമാനത്തിൽ നിന്നു പിന്നോട്ടില്ലെന്നാണ് വ്യാപാരി സംഘടനകളുടെ നിലപാട്. നിരോധനത്തെക്കുറിച്ച് പെപ്സിയും കൊക്കകോളയും ഇതുവരെ പ്രതികരിച്ചിട്ടില്ല.