അഹമ്മദാബാദ്: ലെയ്സ് നിർമിക്കാൻ ഉപയോഗിക്കുന്ന ഉരുളക്കിഴങ്ങ് കൃഷി ചെയ്ത് കൈമാറിയാൽ കർഷകരെ കേസിൽനിന്ന് ഒഴിവാക്കാമെന്ന് വാഗ്ദാനം ചെയ്ത് പെപ്സികോ ഇന്ത്യ. ഗുജറാത്തിലെ സബർകന്ദ ജില്ലയിലെ നാല് കർഷകരോടാണ് ഒത്തുതീർപ്പ് വ്യവസ്ഥയിലൂടെ തങ്ങളുടെ ഉരുളക്കിഴങ്ങ് കൃഷിചെയ്യാൻ കമ്പനി ആവശ്യപ്പെട്ടിരിക്കുന്നത്.
കേസ് ഒത്തുതീർപ്പാക്കണമെങ്കിൽ തങ്ങളുടെ വിത്ത് കർഷകർ വാങ്ങുകയും ഉദ്പാദിപ്പിക്കുന്ന ഉരുളക്കിഴങ്ങ് തങ്ങൾക്കു തന്നെ വിൽക്കുകയും ചെയ്യണമെന്നാണ് കമ്പനിയുടെ ആവശ്യം. കർഷകർക്കെതിരെ കേസുകൊടുത്ത കമ്പനി ഓരോരുത്തരോടും 1.05 കോടി രൂപയാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ടിരിക്കുന്നത്. ഒത്തുതീർപ്പിന് വഴങ്ങിയില്ലെങ്കിൽ കേസുമായി മുന്നോട്ടുപോകുമെന്നാണ് കമ്പനിയുടെ നിലപാട്.
അഹമ്മദാബാദിലെ കോടതി കേസിൽ വാദം കേൾക്കുന്നതിനിടെയാണ് കമ്പനി ഒത്തുതീർപ്പ് ഫോർമുലയുമായി രംഗത്തെത്തിയത്. തങ്ങളുടെ വിത്ത് കർഷകർ വാങ്ങുകയും ഉദ്പാദിപ്പിക്കുന്ന ഉരുളക്കിഴങ്ങ് തങ്ങൾക്കു തന്നെ വിൽക്കുകയും ചെയ്താൽ കേസ് ഒത്തുതീർപ്പാക്കാമെന്നാണ് കമ്പനിയുടെ വാഗ്ദാനം. തങ്ങൾ ഇതു സംബന്ധിച്ച് ആലോചിച്ച ശേഷം അടുത്ത തവണ കേസ് പരിഗണിക്കുമ്പോൾ മറുപടി നൽകാമെന്ന് കർഷകരുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു.
ഗുജറാത്തിലെ ആരവല്ലി ജില്ലയിലെ അഞ്ച് കർഷകർക്കെതിരെയും കമ്പനി സമാനകേസ് കൊടുത്തിട്ടുണ്ട്. മഡോസയിലെ ജില്ലാ കോടതിയിൽ ഓരോ കർഷകരും 20 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ടാണ് പെപ്സികോ കേസുകൊടുത്തത്. കമ്പനിയുമായി ബന്ധപ്പെട്ട കർഷകരുടെ താൽപര്യം സംരക്ഷിക്കാനാണ് കേസെടുകൊടുത്തതെന്നാണ് പെപ്സികോയുടെ അവകാശവാദം.
എഫ്എൽ 2027 ഇനം ഉരുളക്കിഴങ്ങാണ് ലെയ്സ് നിർമിക്കാൻ പെപ്സികോ ഉപയോഗിക്കുന്നത്. ഈ ഇനത്തിൽപ്പെട്ട ഉരുളക്കിഴങ്ങിന്റെ അവകാശം, പ്രൊട്ട ക്ഷൻ ഓഫ് പ്ലാന്റ് വെറൈറ്റീസ് ആൻഡ് ഫാർമേഴ്സ് റൈറ്റ്സ് ആക്ട് 2001 പ്രകാരം പെപ്സികോ ഇന്ത്യ കമ്പനിക്കാണ്.
2009ൽ ഇന്ത്യയിലാണ് ഈ വിഭാഗത്തിൽപ്പെടുന്ന ഉരുളക്കിഴങ്ങ് ആദ്യമായി കൃഷി ചെയ്യുന്നത്. പഞ്ചാബിലെ കർഷകരെ ഉപയോഗിച്ചാണ് പെപ്സികോ കമ്പനി ഇതിന്റെ ഉത്പാദനം തുടങ്ങിയത്. കമ്പനിക്കു മാത്രമേ ഉരുളക്കിഴങ്ങ് വിൽക്കാവൂ എന്ന വ്യവസ്ഥയിലാണ് അന്നു വിത്തു വിതരണം ചെയ്തിരുന്നത്. ഇതു പി ന്നീടു ഗുജറാത്തിലേക്കും എത്തുകയും കർഷകർ കൃഷിക്ക് ഉപയോഗിക്കുകയും ചെയ്തു. അനുമതിയില്ലാതെയാണ് കർഷകർ ഈ ഇനത്തിൽപ്പെട്ട ഉരുളക്കിഴങ്ങ് കൃഷി ചെയ്തെന്നും അതു നിയമപ്രകാരം കുറ്റകരമാണെന്നും ചൂണ്ടിക്കാണിച്ചാണു കമ്പനി നിയമനടപടി സ്വീകരിച്ചത്.
അതേസമയം, കഴിഞ്ഞ വർഷം പ്രാദേശിക തലത്തിൽ കൈമാറി ലഭിച്ച വിത്താണ് ഉപയോഗിക്കുന്നതെന്നും കമ്പനി പറയുന്ന നിയമനടപടികളൊന്നും അറിയി ല്ലെന്നുമാണ് കർഷകരുടെ വാദം. ഒരു വർഷത്തിനിടെ ഒമ്പതു കർഷകർക്കെതിരേ പെപ്സികോ കേസ് നൽകിയിട്ടുണ്ടെന്ന് കർഷക സംഘടനകൾ ആരോപിക്കുന്നു.
കമ്പനിയുടെ പരാതിയെത്തുടർന്ന് ഉരുളക്കിഴങ്ങ് കൃഷിയുംവിൽപനയും അഹമ്മദാബാദിലെ കൊമേഴ്സ്യൽ കോടതി തടഞ്ഞിരുന്നു. സാമ്പിളുകൾ പരിശോധിക്കാൻ കമ്മീഷണറെ നിയോഗിച്ചു.