ഇനി വരാന്‍ പോകുന്നത് പെപ്‌സി രാജധാനിയും കോക് ശതാബ്ദിയും ; ട്രെയിനുകളും സ്റ്റേഷനുകളും ബ്രാന്‍ഡ് വല്‍ക്കരിക്കാനൊരുങ്ങി റെയില്‍വേ

pepsiന്യൂഡല്‍ഹി: പെപ്‌സി രാജധാനിയെന്നും കോക് ശതാബ്ദിയെന്നും പേരുള്ള ട്രെയിന്‍ ഇനി കണ്ടെന്നുവരും. അമ്പരക്കരുത്. യാത്രാക്കൂലി വര്‍ധിപ്പിക്കാതെ തന്നെ വരുമാനം കൂട്ടാന്‍ റെയില്‍വേയുടെ പുതിയ പദ്ധതിയാണിത്. പദ്ധതി പ്രകാരം ട്രെയിനുകളും റെയില്‍വേ സ്റ്റേഷനുകളും ബ്രാന്‍ഡ് ചെയ്യാനാണാണ് തീരുമാനം. പദ്ധതിയ്ക്ക് ഇനി റെയില്‍വേ ബോര്‍ഡിന്റെ സമ്മതം കൂടി മാത്രം മതി. ഇതു പ്രകാരം കമ്പനികള്‍ ഓരോ ട്രെയിനും ബ്രാന്‍ഡ് ചെയ്യാനുള്ള അവകാശം വന്‍തുക നല്‍കി വാങ്ങും. നേരത്തെ ട്രെയിന്റെ വിവിധഭാഗങ്ങള്‍ പല കമ്പനികളുടെ പരസ്യങ്ങള്‍ക്കായി വിട്ടു നല്‍കിയിരുന്നു. ഇനി മുതല്‍ ഒരു ട്രെയിന്‍ പൂര്‍ണമായേ കമ്പനികള്‍ക്ക് എടുക്കാനാവൂ എന്നതാണ് വ്യത്യാസം. റെയില്‍വേ അധികൃതരുമായി നരേന്ദ്രമോദി അടുത്തിടെ നടത്തിയ ചര്‍ച്ചയിലാണ് ഇങ്ങനെയൊരു പദ്ധതി ഉരുത്തിരിഞ്ഞത്. ഇതേ പദ്ധതികള്‍ കഴിഞ്ഞ യുപിഎ സര്‍ക്കാരിന്റെ കാലത്ത് ആലോചിച്ചിരുന്നെങ്കിലും നടപ്പായില്ല.

റെയില്‍വേ സ്റ്റേഷനില്‍ ചായ വിറ്റു നടന്ന തന്റെ കുട്ടിക്കാലത്തെ ഓര്‍മകള്‍ മോദി പങ്കുവയ്ക്കുകയും ചെയ്തു. റെയില്‍വേയെ അന്താരാഷ്ട്ര നിലവാരത്തിലുയര്‍ത്തുന്നതിന്റെ ഭാഗമായാണ് യാത്രാക്കൂലി വര്‍ധിപ്പിക്കാതെ വരുമാനം കൂട്ടാനൊരുങ്ങുന്നത്.
നോട്ടുക്ഷാമം രൂക്ഷമായിരിക്കുന്ന ഈ വേളയില്‍ ഉത്തര്‍പ്രദേശ്, പഞ്ചാബ് എന്നിവയുള്‍പ്പെടെയുള്ള അഞ്ചു സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് വരാന്‍ പോവുകയാണ്. ഇതു മുന്‍കൂട്ടി കണ്ടാണ് ഇങ്ങനെയൊരു പദ്ധതി തയ്യാറാക്കിയതെന്നു കരുതുന്നു. ഈ വകയില്‍ 2000 കോടിയുടെ അധിക വരുമാനമാണ് റെയില്‍വേ പ്രതീക്ഷിക്കുന്നത്.

കഴിഞ്ഞ വര്‍ഷം നാലു ട്രെയിനുകളുടെ പുറം വശത്ത് പരസ്യം പതിച്ചതോടെ റെയില്‍വേയ്ക്ക് എട്ടുകോടി രൂപയുടെ വരുമാനമുണ്ടായി. മുംബൈ രാജധാനി, ഓഗസ്റ്റ് ക്രാന്തി രാജധാനി, മുംബൈ-അഹമ്മദാബാദ് ശതാബ്ദി, അഹമ്മദാബാദ്-മുംബൈ ഡബിള്‍ ഡെക്കര്‍ എന്നിവയായിരുന്നു ആ ട്രെയിനുകള്‍. പുതുതായി വരുന്ന പദ്ധതിയില്‍ റെയില്‍വേ പ്ലാറ്റ്‌ഫോമുകളില്‍ കമ്പനിയുടെ പരസ്യം നല്‍കുന്ന വലിയ എല്‍ഇഡി സ്‌ക്രീനുകളും സ്ഥാപിക്കും. രാജധാനി, ശതാബ്ദി ട്രെയിനുകളായിരിക്കും ഇത്തരത്തില്‍ ആദ്യമായി ബ്രാന്‍ഡ് ചെയ്യപ്പെടുന്നത്.

Related posts