പാലക്കാട്: പുതുശേരി മേഖലയിലെ ജലചൂഷണ കമ്പനികളെ നിയന്ത്രിക്കണമെന്നും പെപ്സിയുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കണമെന്നും ആവശ്യപ്പെട്ട് പ്രചാരണ – പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുവാന്‍ സിപിഎമ്മിന്റെ നേതൃത്വത്തില്‍ ജലചൂഷണ വിരുദ്ധ സമിതി രൂപീകരിച്ചു. എം.ബി.രാജേഷ് എംപി ചെയര്‍മാനും സുഭാഷ് ചന്ദ്രബോസ് കണ്‍വീനറുമായ സമിതിയാണ് ഇതിനു നേതൃത്വം നല്‍കുന്നത്. സംസ്ഥാനത്ത് ഏറ്റവും അധികം ഭൂഗര്‍ഭ ജലമുള്ളതു ശാസ്ത്രീയരീതിയില്‍ കണ്ടെത്തിയ പുതുശേരി പഞ്ചായത്തില്‍ പെപ്സി കമ്പനി വന്‍തോതിലാണ് ജലചൂഷണം നടത്തുന്നത്.
മൂന്നിലധികം വന്‍കിട ഡിസ്റ്റിലറികളും ഏതാനും കുടിവെള്ള കമ്പനികളും പഞ്ചായത്തിലുണ്ട്. ഇവയെല്ലാം ഭൂഗര്‍ഭ ജലചൂഷണം നടത്തുന്നതുമൂലം മേഖല കടുത്ത വരള്‍ച്ചയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. പെപ്സി കമ്പനിയുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് പുതുശേരി പഞ്ചായത്ത് സ്റ്റോപ്പ് മെമ്മോ നല്‍കിയിട്ടും കമ്പനിയുടെ പ്രവര്‍ത്തനം തുടരുകയാണ്. ഇത്തരമൊരു സഹാചര്യത്തിലാണ് സിപിഎമ്മിന്റെ നേതൃത്വത്തില്‍ ശക്തമായ പ്രക്ഷോഭം നടത്താന്‍ തീരുമാനിച്ചതെന്നു കണ്‍വീനര്‍ സുഭാഷ് ചന്ദ്രബോസ് പത്രസമ്മേളനത്തില്‍ അറിയിച്ചു.
ഇതിന്റെ ഭാഗമായി നാളെ രാവിലെ പത്തിനു പെപ്സി കമ്പനി പരിസരത്തു ജനകീയ പാര്‍ലമെന്റ് സംഘടിപ്പിക്കും. വി.എസ്. അച്യുതാനന്ദന് ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറി സി.കെ.രാജേന്ദ്രന്, എം.ബി.രാജേഷ് എംപി, എ. പ്രഭാകരന്, കെ.വി.വിജയദാസ് എംഎല്‍എ തുടങ്ങിയവര്‍ പങ്കെടുക്കും.പ്രക്ഷോഭത്തിന്റെ ഭാഗമായി ജലചൂഷണം നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് ജനങ്ങളുടെ ഒപ്പുശേഖരണം നടത്തും. ജനുവരിയില്‍ തദ്ദേശസ്വയഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളും ജലചൂഷണവിരുദ്ധ സമിതി ഭാരവാഹികളും ചേര്‍ന്ന് പാര്‍ലമെന്റ് മാര്‍ച്ച് നടത്തി കേന്ദ്രസര്‍ക്കാരിന് ഒപ്പുശേഖരണം സമര്‍പ്പിക്കും.
ഫെബ്രുവരിയില്‍ ജലചൂഷണത്തിനെതിരെ പഞ്ചായത്തില്‍ അവബോധ ക്ലിനിക്കുകളുും ജാഥയും നടത്തും. പുതുശേരി പഞ്ചായത്തിലെ ജലചൂഷണരീതികള്, കുടിവെള്ള സ്രോതസുകള്‍ നശിപ്പിക്കല്‍, മലിനപ്പെടുത്തല്‍, കമ്പനികളുടെ കൊള്ള തുടങ്ങിയവയെക്കുറിച്ച് സമിതിയുടെ നേതൃത്വത്തില്‍ വിദഗ്ധസമിതി രൂപവത്കരിച്ച് പഠനവും സര്‍വേയും നടത്തി രേഖ പ്രസിദ്ധീകരിക്കും. ഈ രേഖ മുന്‍നിര്‍ത്തി ജലചൂഷണത്തിന്റെ വിശദാംശങ്ങള്‍ പ്രഖ്യാപിക്കുന്ന ധവളപത്രം പുറപ്പെടുവിക്കുവാന്‍ ബന്ധപ്പെട്ട വകുപ്പിനോട് ആവശ്യപ്പെടുമെന്നും സമിതി കണ്‍വീനര്‍ സുഭാഷ് ചന്ദ്രബോസ് പറഞ്ഞു.