ഉരുളക്കിഴങ്ങ് കര്‍ഷകര്‍ക്കെതിരെ ബഹുരാഷ്ട്ര കമ്പനിയായ പെപ്സികോ നിയമ നടപടി സ്വീകരിച്ച സംഭവത്തില്‍ പ്രക്ഷോഭവുമായി ഗുജറാത്തിലെ കര്‍ഷകര്‍. പ്രത്യേകതരം സങ്കരയിനം ഉരുളക്കിഴങ്ങ് കൃഷിചെയ്ത ഒമ്പത് കര്‍ഷകര്‍ക്കെതിരെയാണ് കമ്പനി കേസ് കൊടുത്തത്. ഈ ഇനത്തില്‍പ്പെട്ട ഉരുളക്കിഴങ്ങ് ഉത്പാദിപ്പിക്കുന്നതിനുള്ള അവകാശം കമ്പനിക്ക് മാത്രമാണെന്ന് ചൂണ്ടിക്കാട്ടിയാണ് 1.05 കോടി രൂപ നഷ്ടപരിഹാരം ആവയപ്പെട്ട് കമ്പനി കേസുകൊടുത്തിരിക്കുന്നത്.
സബര്‍കന്ദ, ആരവല്ലി ജില്ലകളിലെ ഒമ്പത് കര്‍ഷകര്‍ക്കെതിരെയാണ് പെപ്സികോ നിയമനടപടി സ്വീകരിച്ചിരിക്കുന്നത്. പെപ്സിയുടെ ഉൽപ്പന്നമായ ലെയ്സ് ചിപ്സ് നിര്‍മിക്കുന്നതിന് ഉപയോഗിക്കുന്ന ഉരുളക്കിഴങ്ങാണ് ഈ കര്‍ഷകര്‍ കൃഷിചെയ്തതെന്നും അത് ഉത്പാദിപ്പിക്കാനും ഉപയോഗിക്കാനും തങ്ങള്‍ക്കാണ് നിയമപരമായ അവകാശമെന്നും കമ്പനി പറയുന്നു.
എഫ്.എല്‍ 2027 എന്ന സങ്കര ഇനത്തില്‍പ്പെട്ട ഈ ഉരുളക്കിഴങ്ങിന്റെ അവകാശം, പ്രൊട്ടക്ഷന്‍ ഓഫ് പ്ലാന്റ് വെറൈറ്റീസ് ആന്‍ഡ് ഫാര്‍മേഴ്സ് റൈറ്റ്സ് ആക്ട്-2001 പ്രകാരം തങ്ങള്‍ക്കാണെന്നാണ് കമ്പനി പറയുന്നത്. അനുമതിയില്ലാതെയാണ് ഈ ഇനത്തില്‍പ്പെട്ട ഉരുളക്കിഴങ്ങ് കൃഷി ചെയ്തെന്നും അത് നിയപ്രകാരം കുറ്റകരമാണെന്നും ചൂണ്ടിക്കാണിച്ചാണ് കമ്പനി നിയമ നടപടി സ്വീകരിച്ചത്.
ഉരുളക്കിഴങ്ങ് കൃഷിചെയ്യുന്നതും വില്പന നടത്തുന്നതും താല്കാലികമായി തടഞ്ഞുകൊണ്ട് ഗുജറാത്തിലെ മൂന്നു കര്‍ഷകര്‍ക്ക് അഹമ്മദാബാദിലെ പ്രത്യേക കോടതി കഴിഞ്ഞ ആഴ്ച നോട്ടീസ് നല്‍കിയിരുന്നു. ഈ മൂന്നു കര്‍ഷകരോട് കോടതി വിശദീകരണവും ചോദിച്ചിരുന്നു. കൂടാതെ കമ്പനിയുടെ അപേക്ഷ പ്രകാരം, വിഷയം സംബന്ധിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് അഭിഭാഷകനായ പരാശ് സുഖ്വാനിയുടെ നേതൃത്വത്തില്‍ അന്വേഷണ സമിതിയെയും കോടതി നിയോഗിച്ചിരുന്നു.
ഇന്ത്യയില്‍ 2009ല്‍ ആണ് ഈ പ്രത്യേക ഇനത്തില്‍പ്പെട്ട ഉരുളക്കിഴങ്ങ് വ്യാവസായികമായി കൃഷിചെയ്തത്. പഞ്ചാബിലെ ഏതാനും ചില കര്‍ഷകര്‍ക്ക് ഈ ഉരുളക്കഴങ്ങ് കൃഷിചെയ്യാന്‍ കമ്പനി ലൈസന്‍സ് നല്‍കിയിരുന്നു. കമ്പനിയ്ക്ക് മാത്രമേ ഉരുളക്കിഴങ്ങ് വില്‍ക്കാവൂ എന്ന വ്യവസ്ഥയിലായിരുന്നു ഇത്. അനുമതിയില്ലാതെ മറ്റാരെങ്കിലും ഇത് ഉത്പാദിപ്പിച്ചാല്‍ അത് നിയമലംഘനമാകുമെന്നാണ് കമ്പനി പറയുന്നത്.