മൂവാറ്റുപുഴ: വഴിയോര വിപണി ഇടംപിടിച്ച് തമിഴ്നാടൻ പേരയ്ക്കയും. വേനൽ ചൂട് കടുത്തതോടെ പേരയ്ക്ക വിപണി പൊടിപൊടിക്കുന്നുണ്ട്.
നഗരത്തിലെ വിവിധ പാതയോരങ്ങളിൽ വിൽപ്പന നടത്തുന്ന പേരയ്ക്കയ്ക്ക് നൂറു മുതൽ 120 രൂപവരെയാണ് കിലോയ്ക്കു വില.
പഴനിയിൽ നിന്നുള്ള സംഘമാണ് നഗരത്തിൽ പേരയ്ക്ക വിൽപനയ്ക്കായി എത്തിച്ചേർന്നിരിക്കുന്നത്.
നഗരത്തിലെ ഇഇസി മാർക്കറ്റ് റോഡിനു പുറമെ വെള്ളൂർക്കുന്നം, വാഴപ്പിള്ളി, പിഒ ജംഗ്ഷൻ, നിർമല കോളജ് ജംഗ്ഷൻ, എംസി റോഡ് എന്നിവിടങ്ങളിൽ വാഹനങ്ങൾ നിറുത്തി സാധനങ്ങൾ വാങ്ങാൻ കഴിയുന്നിടങ്ങളിലാണ് കച്ചവടം നടത്തുന്നത്.
ഉച്ചയോടെ ആരംഭിക്കുന്ന കച്ചവടം രാത്രി ഒന്പതു വരെ നീളും. റമദാൻ കാലമായതിനാൽ പേരയ്ക്കക്ക് നല്ല രീതിയിൽ വിൽപന നടക്കുന്നുണ്ടെന്നാണ് വ്യാപാരികൾ പറയുന്നത്.
തലേദിവസം രാത്രി പറിച്ചെടുക്കുന്ന പേരയ്ക്കയും മറ്റ് വിൽപ്പന സാമഗ്രികളുമായി സംഘം പുലർച്ചെയാണ് പഴനിയിൽ നിന്നും പുറപ്പെടുന്നത്.
ഓരോ കേന്ദ്രത്തിലും അഞ്ച് പെട്ടി പേരയ്ക്ക വീതം ഇറക്കിയശേഷം വിൽപനക്കാരായ സ്ത്രീകളെ ഏൽപ്പിച്ച് അടുത്ത സ്ഥലത്തേയ്ക്ക് നീങ്ങും.
തുടർന്ന് രാത്രി ഒന്പതോടെ ഇതേ മിനിലോറിയിൽ തിരികെ മടങ്ങുകയാണ് പതിവ്. ഒന്നിടവിട്ടദിവസങ്ങളിലാണ് ഇവർ വിൽപനക്കായി നഗരത്തിലേക്ക് എത്തുന്നത്.
വില ലഭിക്കാത്തതിനാൽ ഇടനിലക്കാരെ ഒഴിവാക്കി കർഷകർ തന്നെയാണ് ഇവിടെ വിൽപന നടത്തുന്നത്.