വടക്കാഞ്ചേരിയിലെ സിപിഎം നഗരസഭാ കൗണ്‍സിലര്‍ പി.എന്‍. ജയന്തനും കൂട്ടരും ബലാത്സംഗം ചെയ്തുവെന്ന പരാതിയുമായി സമീപിച്ചപ്പോള്‍ പോലീസ് പെരുമാറിയത് ക്രൂരമായെന്ന് വീട്ടമ്മ. പ്രതികള്‍ക്കെതിരെ പരാതി നല്കിയപ്പോള് പോലീസില്‍ നിന്നും മോശം അനുഭവം ഉണ്ടായി. മൂന്ന് ദിവസം ചോദ്യം ചെയ്യലിന്റെ പേരില്‍ പോലീസ് ബുദ്ധിമുട്ടിച്ചു. പൊതുജനമധ്യത്തില്‍ വച്ച് തെളിവെടുപ്പിന്റെ പേരില്‍ പോലീസ് അപമാനിച്ചു. മജിസ്ട്രേട്ടിനോട് മൊഴി മാറ്റി പറയാന്‍ പോലീസും പ്രതികളും സമ്മര്‍ദ്ദം ചെലുത്തി. മൊഴി മാറ്റി പറഞ്ഞില്ലെങ്കില്‍ ഭര്‍ത്താവിനെയും കുട്ടികളെയും കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി.
കൂടാതെ മാനഭംഗ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി വെളിപ്പെടുത്തി. മൊഴി മാറ്റിപ്പറയാന്‍ പോലീസുകാരാണ് സ്റ്റേഷനില്‍ വച്ച് പഠിപ്പിച്ചത്. 2014 ലാണ് സംഭവം നടന്നത്. എന്നാല്‍ 2016 ആഗസ്റ്റ് 14 നാണ് പരാതി നല്‍കിയത്. വനിതാ സെല്ലിലാണ് ആദ്യം പരാതി നല്‍കിയത്. പിന്നീട് പേരാമംഗലം സിഐക്ക് പരാതി നല്‍കുകയായിരുന്നു. സ്റ്റേഷനിലെത്തിയ രാഷ്ട്രീയ സ്വാധീനമുള്ള പ്രതികള്‍ക്ക് ഒപ്പം നിര്‍ത്തിയാണ് പലപ്പോഴും പോലീസുകാര്‍ ചോദ്യം ചെയ്തത്. പട്ടിയെ പോലെയാണ് ഞങ്ങളെ സ്റ്റേഷനില്‍ ഇരുത്തിയത്. നാടുതോറും തെളിവെടുപ്പിനെന്ന് പറഞ്ഞ് കൊണ്ടു നടന്ന് അവഹേളിച്ചു. മാനസിക പീഡനവും അവഹേളനവും സഹിക്ക വയ്യാതായപ്പോള്‍ ഇതെങ്ങനേയും അവസാനിപ്പിച്ചാല്‍ മതിയെന്നായി. ആള്‍ക്കാരുള്ള സ്ഥലത്ത് നിര്‍ത്തിയിട്ട് എന്നോട് സ്ഥലം കാണിച്ചു തരാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്നും യുവതി വെളിപ്പെടുത്തി.
ജയന്തനുമായി ഒത്തുതീര്‍പ്പിന് പോലീസുകാരാണ് നിര്‍ബന്ധിച്ചത്. മജിസ്ട്രേറ്റിന് മുന്നില്‍ പറയാനുള്ള മൊഴി പോലീസ് സ്റ്റേഷനില്‍ ഇരുത്തിയാണ് പഠിപ്പിച്ചു തന്നത്. പോലീസുകാരാണ് ഇത് ചെയ്തത്. മജിസ്ട്രേറ്റിന്റെ ഓഫീസില്‍ മൊഴി പറയാന്‍ എത്തിച്ചത് പ്രതികളുടെ കാറിലാണ്. തന്നെ മജിസ്ട്രേറ്റിന് മുന്നിലേക്ക് വിട്ടത് ഭര്‍ത്താവിനെ കാറില്‍ പിടിച്ചു വച്ചിട്ടാണ്. ജീവിതം തന്നെ മടുത്ത അവസ്ഥയിലാണ്. പേരാമംഗലം സിഐയുടെ വാദം പക്ഷേ മറിച്ചാണ്. വീട്ടമ്മയുടെ പരാതിയില്‍ അന്വേഷണം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. ഉടന്‍ തന്നെ നടപടിയുണ്ടാകും. ഞങ്ങള്‍ അവരോട് മാന്യമായിട്ടാണ് പെരുമാറിയത്.