പേരാമ്പ്ര: അനുരഞ്ജന യോഗ തീരുമാനം കാറ്റിൽ പറത്തി പേരാമ്പ്രയിൽ വീണ്ടും ആക്രമണം. ഡിവൈഎഫ്ഐ പ്രവര്ത്തകന് വെട്ടേറ്റു. കഴിഞ്ഞ ദിവസങ്ങളില്‍ സിപിഎം -ബിജെപി പ്രവര്‍ത്തകരുടെ വീടുകള്‍ക്കുനേരെ അക്രമണമുണ്ടായ പേരാമ്പ്ര കല്ലോട് ഭാഗത്താണ് സംഭവം. കല്ലോട് ശ്രീകലയില്‍ സിദ്ധാര്‍ത്ഥ് (23)നാണ് വെട്ടേറ്റത്. ഇടതു കൈയ്ക്ക് ഗുരുതരമായി വെട്ടേറ്റ ഇയാളെ പേരാമ്പ്ര താലൂക്കാശുപത്രിയിലും തുടർന്നു കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ഇന്നലെ അര്‍ധരാത്രി 12നാണു സംഭവം. വീട്ടിലെത്തിയ ഒരു സംഘം പെട്രോള്‍ ബോംബ് എറിഞ്ഞ ശേഷം ആക്രമിക്കുകയായിരുന്നു. തലയ്ക്ക് വെട്ടാനുള്ള ശ്രമം തടയുന്നതിനിടയിലാണ് കൈയ്ക്ക് വെട്ടേറ്റതെന്ന് പറയുന്നു. സിദ്ധാര്‍ത്ഥിന്റെ പിതാവ് സുകുമാരനും ബോംബേറിൽ പരിക്കേറ്റു.
പൊള്ളലും സംഭവിച്ചു. മൂന്നു മാസംമുമ്പ് ഈ വീട് ബോംബേറിൽ തകർന്നിരുന്നു. കഴിഞ്ഞ ദിവസം പേരാമ്പ്ര സിഐ കെ.പി. സുനില്‍ കുമാര്‍ വിളിച്ചുചേര്‍ത്ത സമാധാന യോഗത്തില്‍ ഇരു പാര്‍ട്ടി നേതാക്കളും പ്രദേശത്ത് സമാധാനം ഉറപ്പുവരുത്തുമെന്ന് അറിയിച്ചിരുന്നു. പോലീസ് പ്രദേശത്ത് കനത്ത ജാഗ്രത പാലിക്കുന്നതിനിടയിലാണു ബോംബേറും കത്തി പ്രയോഗവുമുണ്ടായിരിക്കുന്നത്.