പേരാമ്പ്ര: കൂത്താളി പഞ്ചായത്ത് വാര്‍ഡ് ആറിലെ കൂളികെട്ടുംപാറ ശ്രീധരന് – ഷൈലജ ദമ്പതികളുടെ മകളും ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയുമായിരുന്ന സി.കെ സനുഷയുടെ മരണകാരണം പുറത്തുവിടണമെന്ന ആവശ്യവുമായി വീട്ടുകാര്‍ രംഗത്ത് .
ഛര്‍ദ്ദിയും വയറിളക്കവുമുണ്ടായതിനെ തുടര്‍ന്നു ചികിത്സയിലായിരിക്കെ 2019 സെപ്തംബർ എട്ടിനാണ് സനുഷ മരിച്ചത്.
വീട്ടിലെ മറ്റംഗങ്ങള്‍ക്കും അസുഖ ബാധയുണ്ടായെങ്കിലും അവര്‍ക്കു കുഴപ്പമൊന്നുമുണ്ടായില്ല. അതേസമയം സനുഷയുടെ മരണത്തെ സംബന്ധിച്ചു ഊഹാപോഹങ്ങളും സംശയങ്ങളും ഉയര്‍ന്നു.
ഷിഗെല്ല ബാക്ടീരിയയാണു കാരണമെന്നു വരെ പ്രചാരണമുണ്ടായി. ആരോഗ്യവിദഗ്ധര്‍ മേഖലയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളും ബോധവത്്കരണവും നടത്തി.
ഇതോടെ മരണം നടന്ന വീട് മാസങ്ങളോളം ഒറ്റപ്പെട്ട നിലയിലായിരുന്നു. സനുഷയുടെ വീട്ടുകിണറിലാണു രോഗബാധ ഉറവിടമെന്നു പ്രചരണമുണ്ടായി. ഇതിലെ വെള്ളം ശേഖരിച്ചു കോഴിക്കോട് റീജണല്‍ അനലിറ്റിക്കല്‍ ലാബിലേക്കയച്ചു.
ഇതിന്റെ ഫലത്തെപ്പറ്റി അഞ്ചുമാസമായിട്ടും ആരോഗ്യ വകുപ്പധികൃതര്‍ക്ക് ഉത്തരമില്ല. നാട്ടില്‍ പ്രചരിച്ച കാരണങ്ങളല്ല സനുഷയുടെ മരണകാരണമെന്നു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്.
ഷിഗെല്ല ബാക്ടീരിയ പരിശോധന ഫലവും പോസ്റ്റ്മോര്‍ട്ടത്തില്‍ നെഗറ്റീവാണ്. വസ്തുതകള്‍ ഇതായിരിക്കെ കിണര്‍ വെള്ള പരിശോധന ഫലവും പുറത്തു വിടണമെന്ന് സനുഷയുടെ മാതാവ് ഷൈലജ ‘ദീപിക’യോട് പറഞ്ഞു.