തലശേരി: പേരാമ്പ്രയിൽ ഉത്സവസ്ഥലത്ത് ഗുണ്ടാസംഘം യുവാവിനെ ക്രൂരമായി ആക്രമിച്ചു. മുഖത്ത് ഗുരുതരമായ പരിക്കുകളോടെ പേരാമ്പ്ര കൈപ്പറമ്പ് കിഴക്കേ മാണിക്കോത്ത് കണ്ടിവീട്ടിൽ അഭിനവി (23) നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മകനെ ക്രൂരമായി അക്രമിച്ചവർക്കെതിരേ നടപടി ആവശ്യപ്പെട്ട് അഭിനവിന്റെ മാതാപിതാക്കൾ പേരാമ്പ്ര പോലീസ് സ്റ്റേഷനിൽ കയറി ഇറങ്ങിയത് നാല് ദിവസം. ഒടുവിൽ ഉന്നത പോലീസ് ഉദ്യോഗസ്ഥർ ഇടപെട്ടപ്പോൾ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
എന്നാൽ, എഫ്ഐആറിൽനിന്ന് ഗുണ്ടകളെ രക്ഷിക്കാൻ തുനിഞ്ഞിറങ്ങിയ പോലീസ് അക്രമി സംഘത്തിലെ രണ്ടുപേരെ കേസിൽനിന്ന് ഒഴിവാക്കി.
ഇതുസംബന്ധിച്ച് പോലീസിന്റെ നിയമവിരുദ്ധ നീക്കങ്ങൾ വിശദീകരിക്കുന്ന അക്രമത്തിനിരയായ യുവാവിന്റെ ശബ്ദസന്ദേശം രാഷ്ട്രദീപികയ്ക്ക് ലഭിച്ചു. കഴിഞ്ഞ 14 ന് രാത്രിയാണ് കല്ലൂർകാവ് ഉത്സവസ്ഥലത്ത് ഗുണ്ടാ സംഘം അഭിനവിനെ ക്രൂരമായി ആക്രമിച്ചത്.
ആശുപത്രിയിൽ പ്രവേശിപ്പിച്ച അഭിനവിന്റെ മുഖത്ത് ആറ് തുന്നലുകളാണുളളത്. മാതാപിതാക്കൾ നാല് ദിവസം സ്റ്റേഷനിൽ കയറിയിറങ്ങിയിട്ടും പോലീസ് കേസെടുക്കാൻ തയാറാകാത്തതിനെ തുടർന്ന് മുഖത്തെ പരിക്കുകളുമായി അഭിനവ് നേരിട്ട് പേരാമ്പ്ര സ്റ്റേഷനിൽ എത്തിയിട്ടും പോലീസ് കനിഞ്ഞില്ല.
ഒടുവിൽ വിവരം റൂറൽ എസ്പി കറുപ്പ് സ്വാമിയുടെയും പേരാമ്പ്ര ഡിവൈഎസ്പിയുടെയും ശ്രദ്ധയിൽപ്പെട്ടു. തുടർന്നാണ് ഇന്നലെ പോലീസ് കേസ് രജിസ്റ്റർ ചെയ്യാൻ തയാറായത്.
അഭിനവിന്റെ മൊഴി രേഖപ്പെടുത്തുന്നതിനിടയിൽ സായൂജും വേലപ്പൻ കുട്ടുവിന്റെയും നേതൃത്വത്തിൽ സംഘം ചേർന്ന് ആക്രമിച്ച വിവരം പറഞ്ഞപ്പോൾ സായൂജല്ലേ കൂടുതൽ അടിച്ചത് അവനെ പ്രതിയാക്കിയാൽ മതിയെന്നായിരുന്നു പോലീസിന്റെ ഉപദേശം. കുട്ടു കൂടുതൽ ഉപദ്രവിച്ചില്ലല്ലോ? അവനെ ഒഴിവാക്കിയേക്ക്. ഇതായിരുന്നു പോലീസിന്റെ നിർദേശം.
കേസെടുക്കാൻ വൈകിയത് സംസാരിക്കാൻ കഴിയാത്തതു കൊണ്ടാണെന്ന് അഭിനവിനെ കൊണ്ട് എഴുതി വാങ്ങി ഒപ്പിടുവിക്കുകയും ചെയ്തു. ഇതെല്ലാം വിശദീകരിക്കുന്ന വോയ്സ് ക്ലിപ്പാണ് പുറത്തു വന്നിട്ടുള്ളത്.