ന്യൂഡൽഹി: വൃദ്ധമാതാപിതാക്കളെ അവഗണിക്കുന്ന മക്കളെയും മരുമക്കളെയും പ്രതിക്കൂട്ടിലാക്കാനുള്ള വയോജന സംരക്ഷണ ഭേദഗതി ബിൽ തിങ്കളാഴ്ച ആരംഭിക്കുന്ന പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ അവതരിപ്പിക്കും.
2019 ഡിസംബർ 11ന് ലോക്സഭയിൽ അവതരിപ്പിച്ച ബിൽ പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ പരിഗണനയ്ക്കു വിട്ടിരുന്നു.
കരട് ബില്ലിലെ വ്യവസ്ഥകളും നിർവചനങ്ങളും വൃദ്ധമാതാപിതാക്കളുടെ സംരക്ഷണവും ക്ഷേമവും സംബന്ധിച്ചു നിയമപരമായി ഒരു തരത്തിലുള്ള അവ്യക്തതയ്ക്കും ഇടനൽകുന്നില്ല എന്ന വിലയിരുത്തലോടെയാണ് കഴിഞ്ഞ ജനുവരി 29ന് സ്റ്റാൻഡിംഗ് കമ്മിറ്റി ഇതു സംബന്ധിച്ച റിപ്പോർട്ട് ലോക്സഭയിൽ വച്ചത്.
മാതാപിതാക്കൾക്കുള്ള ജീവനാംശം എന്നാൽ പണത്തിനു പുറമേ അവരുടെ സംരക്ഷണവും പരിചരണവുംകൂടി ഉറപ്പുവരുത്തുന്ന വ്യവസ്ഥകളാണ് ബില്ലിൽ ഉള്ളതെന്നും കമ്മിറ്റി ചൂണ്ടിക്കാട്ടി.
മാതാപിതാക്കളെയും മുതിർന്നവരെയും കരുതിക്കൂട്ടി പീഡിപ്പിക്കുകയും അവഗണിച്ച് ഉപേക്ഷിക്കുകയും ചെയ്യുന്ന മക്കൾക്കും ബന്ധുക്കൾക്കും ആറു മാസം തടവും പതിനായിരം രൂപയും ശിക്ഷ ഉറപ്പാക്കുന്നതാണ് ബില്ലിലെ വ്യവസ്ഥകൾ.
ഒന്നുകിൽ തടവോ അല്ലെങ്കിൽ പിഴയോ രണ്ടും ഒരുമിച്ചോ ലഭിക്കാൻ വ്യവസ്ഥ ചെയ്യുന്നതാണ്. മെയിന്റനന്റ്സ് ആൻഡ് വെൽഫയർ ഓഫ് പേരന്റ്സ് ആൻഡ് സീനിയർ സിറ്റിസണ്സ് ബിൽ 2019.
പുതിയ വ്യവസ്ഥയനുസരിച്ച് രക്ഷിതാക്കൾക്ക് അവകാശപ്പെടാവുന്ന ജീവനാംശം പതിനായിരം രൂപ എന്ന പരിധി നീക്കിയിട്ടുണ്ട്.
ജീവനാംശം നൽകുന്നതിൽ വീഴ്ച വരുത്തിയാൽ ഒരു മാസം തടവോ അല്ലെങ്കിൽ ജീവനാംശം നൽകുന്നതുവരെ തടവുശിക്ഷയോ ലഭിക്കും.
ജീവനാംശം എന്നത് മാതാപിതാക്കളുടെ ഭക്ഷണം, വസ്ത്രം, പാർപ്പിടം, ആരോഗ്യം, സുരക്ഷ എന്നിവകൂടി ഉൾപ്പെടുന്നതാണ്.
ബില്ലിലെ നിർവചനം അനുസരിച്ച് മാതാപിതാക്കൾ എന്നതിൽ സ്വന്തം അച്ഛൻ, അമ്മ, ദത്തെടുത്ത അച്ഛൻ, അമ്മ, ഭാര്യയുടെ പിതാവും മാതാവും ഭർത്താവിന്റെ പിതാവും മാതാവും, മുത്തച്ഛനും മുത്തശ്ശിയും ഉൾപ്പെടുന്നു.
കരുതിക്കൂട്ടിയുള്ള ശാരീരികമോ വാക്കാലോ വികാരപരമായോ സാന്പത്തികമായോ ഉള്ള അധിക്ഷേപവും അവഗണനയും ബോധപൂർവമുള്ള കൈയൊഴിയലും ശിക്ഷാർഹമായ കുറ്റമാകും.
മാതാപിതാക്കളെ വൃദ്ധരെയും മർദിക്കുന്നതും മാനസിക വ്യഥയിലാക്കുന്നതും കുറ്റകരമാണ്. ഇത്തരത്തിൽ ശിക്ഷാർഹരാകുന്നവരിൽ മക്കൾക്ക് പുറമേ ദത്തെടുത്ത മകളുടെ ഭർത്താവ്, മകന്റെ ഭാര്യ, പേരക്കുട്ടികൾ എന്നിവരും കുറ്റക്കാരാകും.
60 ദിവസത്തിനുള്ളിൽ തീർപ്പുണ്ടാകും
80 വയസിനു മുകളിലുള്ളവർ ജീവനാംശത്തിനും തുണയ്ക്കും വേണ്ടി നിർദിഷ്ട ട്രൈബ്യൂണലിൽ അപേക്ഷ നൽകിയാൽ 60 ദിവസത്തിനുള്ളിൽ തീർപ്പുണ്ടാക്കണമെന്നു ബില്ലിൽ വ്യവസ്ഥ ചെയ്യുന്നു.
ബില്ലിലെ വ്യവസ്ഥ അനുസരിച്ച് ഒാരോ പോലീസ് സ്റ്റേഷനിലും സബ് ഇൻസ്പെക്ടർ റാങ്കിൽ കുറയാത്ത ഒരു നോഡൽ ഓഫീസറെ മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും ഇത്തരത്തിലുള്ള പരാതികൾ കൈകാര്യം ചെയ്യാൻ ചുമതലപ്പെടുത്തണം.
വയോജന ക്ഷേമത്തിനായി ഓരോ ജില്ലയിലും ഒരു പ്രത്യേക പോലീസ് യൂണിറ്റ് ഉണ്ടായിരിക്കണം. ഡിഎസ്പിയിൽ കുറയാത്ത പോലീസ് ഉദ്യോഗസ്ഥൻ ഈ യൂണിറ്റിന്റെ ചുമതല വഹിക്കണം.
വൃദ്ധസദനങ്ങളുടെയും അനുബന്ധ സ്ഥാപനങ്ങളുടെയും രജിസ്ട്രേഷൻ നിർബന്ധമാക്കുന്നതും ബില്ലിൽ വ്യവസ്ഥ ചെയ്യുന്നു.
സെബി മാത്യു