കൊച്ചി: പേരണ്ടൂർ കനാലിൽ മാലിന്യം നിക്ഷേപിക്കുന്നതു നിരോധിച്ച് സർക്കാർ ഉത്തരവിറക്കണമെന്നും ഇക്കാര്യത്തിൽ നഗരസഭയെ പൂർണ വിശ്വാസമില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. പേരണ്ടൂർ കനാൽ ശുചിയാക്കുന്നതിനായി ഒന്പതു നിർദേശങ്ങളും സിംഗിൾ ബെഞ്ച് നൽകി.
കനാലിലെ മാലിന്യങ്ങൾ നീക്കി നീരൊഴുക്ക് പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ നിർദേശം. കനാൽ ശുചീകരണത്തിൽ നഗരസഭയെ പൂർണമായും വിശ്വസിക്കാൻ കഴിയാത്തതിനാൽ സർക്കാരും കളക്ടറും ഇതിലിടപെടണമെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു.
കനാലിന്റെ ഏറ്റവും ചുരുങ്ങിയ വീതി നാലു മീറ്ററാണെന്നും നഗരസഭ തന്നെ കനാൽ കൈയേറിയിട്ടുണ്ടെന്നും സർക്കാരിനു വേണ്ടി ഹാജരായ അഡ്വക്കറ്റ് ജനറൽ പറഞ്ഞു. കനാലിന്റെ മൂന്നു കിലോമീറ്ററോളം സർവേ കഴിഞ്ഞു. ഇതു പൂർത്തിയാക്കാൻ രണ്ടു മാസം കൂടി വേണം.
കനാൽ 16.5 മീറ്റർ വീതിയിലാക്കാൻ പ്രത്യേക പദ്ധതിയുണ്ടെന്നും എജി വ്യക്തമാക്കി. തുടർന്ന് ഹർജി നവംബർ 15നു പരിഗണിക്കാൻ മാറ്റി. എറണാകുളം ഗാന്ധിനഗർ സ്വദേശികളായ ബി. വിജയകുമാർ, കെ.ജെ. ട്രീസ എന്നിവർ നൽകിയ ഹർജിയാണ് ഹൈക്കോടതി പരിഗണിക്കുന്നത്.