ന്യൂഡൽഹി: മാതാപിതാക്കളെയും മുതിർന്നവരെയും കരുതിക്കൂട്ടി പീഡിപ്പിക്കുകയും അവഗണിച്ച് ഉപേക്ഷിക്കുകയും ചെയ്യുന്ന മക്കൾക്കും ബന്ധുക്കൾക്കും ആറു മാസം തടവും പതിനായിരം രൂപയും ശിക്ഷ ഉറപ്പാക്കുന്ന ബിൽ ലോക്സഭയിൽ.
ഒന്നുകിൽ തടവോ അല്ലെങ്കിൽ പിഴയോ രണ്ടും ഒരുമിച്ചോ ലഭിക്കാൻ വ്യവസ്ഥ ചെയ്യുന്ന വയോജന സംരക്ഷണ ഭേദഗതി ബിൽ (വെൽഫയർ ഓഫ് പേരന്റ്സ് ആന്‍ഡ് സീനിയർ സിറ്റിസണ്‍സ് ബിൽ) ആണ് ഇന്നലെ ലോക്സഭയിൽ അവതരിപ്പിച്ചത്. സാമൂഹ്യ നീതി വകുപ്പ് മന്ത്രി തവർ ചന്ദ് ഗെലോട്ട് അവതരിപ്പിച്ച ബില്ലിൽ മുതിർന്നവർക്ക് ജീവനാംശവും വൃദ്ധസദനങ്ങളുടെയും അനുബന്ധ സ്ഥാപനങ്ങളുടെയും രജിസ്ട്രേഷൻ നിർബന്ധമാക്കുന്നതിനും വ്യവസ്ഥ ചെയ്യുന്നു.
ബില്ലിലെ പുതിയ വ്യവസ്ഥ അനുസരിച്ച് രക്ഷിതാക്കൾക്ക് അവകാശപ്പെടാവുന്ന ജീവനാംശം പതിനായിരം രൂപ എന്ന പരിധി നീക്കിയിട്ടുണ്ട്. ജീവനാംശം നൽകുന്നതിൽ വീഴ്ച വരുത്തുന്ന മക്കൾക്കും ബന്ധുക്കൾക്കും പിഴ ചുമത്താനുള്ള അധികാരം ട്രൈബ്യൂണലിനുണ്ട്. ജീവനാംശം നൽകുന്നതിൽ വീഴ്ച വരുത്തിയാൽ ഒരു മാസം തടവോ അല്ലെങ്കിൽ ജീവനാംശം നൽകുന്നതുവരെ തടവ് ശിക്ഷയോ ലഭിക്കും.
ജീവനാംശം എന്നതു മതാപിതാക്കളുടെ ഭക്ഷണം, വസ്ത്രം, പാർപ്പിടം, ആരോഗ്യം, സുരക്ഷ എന്നിവ കൂടി ഉൾപ്പെടും. രക്ഷിതാക്കളേയും വയോധികരേയും സാന്പത്തികമായും മാനസികമായും ശാരീരികവും വാക്കാലുമുള്ള ഉപദ്രവത്തിൽ നിന്നും അവഗണനയിൽ നിന്നും സുരക്ഷ ഉറപ്പുവരുത്തുന്നതും സംരക്ഷിക്കുന്നതുമാണ് പുതിയ നിയമമെന്ന് മന്ത്രി തവർചന്ദ് ഗെലോട്ട് പറഞ്ഞു. ഇത്തരത്തിൽ ശിക്ഷാർഹരാകുന്നവരിൽ മക്കൾക്കുപുറമേ ദത്തെടുത്ത മകളുടെ ഭർത്താവ്, മകന്റെ ഭാര്യ, പേരക്കുട്ടികൾ എന്നിവരും ഉൾപ്പെടും.
80 വയസിനു മുകളിലുള്ളവർ ജീവനാംശത്തിനും തുണയ്ക്കും വേണ്ടി നിർദിഷ്ട ട്രൈബ്യൂണലിൽ അപേക്ഷ നൽകിയാൽ 60 ദിവസത്തിനുള്ളിൽ തീർപ്പുണ്ടാക്കണമെന്നും ബില്ലിൽ വ്യവസ്ഥ ചെയ്യുന്നു. പ്രത്യേക സാഹചര്യങ്ങളിൽ മാത്രമോ രേഖാമൂലമുള്ള അപേക്ഷയുടെ അടിസ്ഥാനത്തിലോ ട്രൈബ്യൂണലിന് ഈ കാലയളവ് 30 ദിവസം കൂടി നീട്ടാം. മറ്റു മുതിർന്ന പൗരൻമാരുടെയും മാതാപിതാക്കളുടെയും ജീവനാംശത്തിനായുള്ള അപേക്ഷയിൽ ട്രൈബ്യൂണൽ 90 ദിവസത്തിനുള്ളിൽ തീർപ്പുണ്ടാക്കിയിരിക്കണം.
ബില്ലിലെ വ്യവസ്ഥ അനുസരിച്ച് ഒാരോ പോലീസ് സ്റ്റേഷനിലും സബ് ഇൻസ്പെക്ടർ റാങ്കിൽ കുറയാത്ത ഒരു നോഡൽ ഓഫീസറെ മാതാപിതാക്കളുടെയും മുതിർന്ന പൗരൻമാരുടെയും ഇത്തരത്തിലുള്ള പരാതികൾ കൈകാര്യം ചെയ്യാൻ ചുമതലപ്പെടുത്തണം.
വയോജന ക്ഷേമത്തിനായി ഓരോ ജില്ലയിലും ഒരു പ്രത്യേക പോലീസ് യൂണിറ്റ് ഉണ്ടായിരിക്കണം. ഡിഎസ്പിയിൽ കുറയാത്ത പോലീസ് ഉദ്യോഗസ്ഥൻ ഈ യൂണിറ്റിന്റെ ചുമതല വഹിക്കണം. ഇതിനിടെയിൽ കൃത്യമായി തീർപ്പുകളുണ്ടാകുന്നു എന്നുറപ്പുവരുത്താൻ സംസ്ഥാന സർക്കാർ ഒരു സാമൂഹ്യക്ഷേമ ഓഫീസറെയും ചുമതലപ്പെടുത്തണം.
ബില്ലിലെ പ്രധാന വ്യവസ്ഥകൾ
* മാതാപിതാക്കൾക്കും മുതിർന്ന പൗരൻമാർക്കും പരാതികൾ നേരിട്ടോ ഓണ്‍ലൈൻ വഴിയോ നൽകാം.
* സ്ഥാപനങ്ങൾ നിബന്ധന അനുസരിച്ചുള്ള ഗുണനിലവാരും പുലർത്തയിരിക്കണം.
* ബില്ലിലെ നിർവചനം അനുസരിച്ച് മാതാപിതാക്കൾ എന്നതിൽ സ്വന്തം അച്ഛൻ, അമ്മ, ദത്തെടുത്ത അച്ഛൻ, അമ്മ, ഭാര്യയുടെ പിതാവും മാതാവും, ഭർത്താവിന്റെ പിതാവും മാതാവും, മുത്തച്ഛനും മുത്തശ്ശിയും ഉൾപ്പെടുന്നു.
* ഇവർ മുതിർന്ന പൗരൻമാരുടെ പ്രായപരിധിയിൽ വന്നാലും ഇല്ലെങ്കിലും സംരക്ഷണം ഉറപ്പു നൽകണം.
* മക്കൾ മാതാപിതാക്കൾക്ക് അന്തസോടെയുള്ള ജീവിതം ഉറപ്പു വരുത്തണം.
* കുട്ടികളില്ലാത്തതും മരണാനന്തരം ഇവരുടെ സ്വത്തിന് അവകാശപ്പെട്ടവരുമായ അടുത്ത ബന്ധുക്കളും ഇക്കാര്യത്തിൽ ബാധ്യസ്ഥരാണ്.
* അത്യാവശ്യ ഘട്ടങ്ങളിൽ ട്രൈബ്യൂണലുകൾക്ക് മാതാപിതാക്കളുടെ പരാതി പരിശോധിക്കാനും അനുരഞ്ജനത്തിനുമായി ഒരു ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്താം.
* ചുമതലപ്പെടുത്തുന്ന ദിവസം മുതൽ 15 ദിവസത്തിനുള്ളിൽ ഈ ഉദ്യോഗസ്ഥൻ ട്രൈബ്യൂണലിന് റിപ്പോർട്ട് നൽകണം.
* ജീവനാംശം സംബന്ധിച്ച പരാതിയിൽ ട്രൈബ്യൂണൽ അവരുടെ ജീവിത നിലവാരവും മക്കളുടെ വരുമാനവും കണക്കിലെടുക്കണം.
* സർക്കാർ, സ്വകാര്യ ആശുപത്രികളിൽ മുതിർന്ന പൗരൻമാർക്ക് പ്രത്യേകം കിടക്കകളും ആരോഗ്യ സ്ഥാപനത്തിൽ പ്രത്യേക ക്യൂ വേണമെന്നും ബില്ലിൽ വ്യവസ്ഥ ചെയ്യുന്നു.
* മുതിർന്ന പൗരൻമാരുടെയും മാതാപിതാക്കളുടെയും പരാതികൾ അറിയിക്കുന്നതിന് ഓരോ സംസ്ഥാനത്തും പ്രത്യേകം ഹെൽപ് ലൈൻ നന്പർ ഏർപ്പെടുത്തണം.
* വയോജന സംരക്ഷണ കേന്ദ്രങ്ങളും മുതിർന്ന പൗരൻമാർക്കായുള്ള മൾട്ടി സർവീസ് ഡെ കെയർ സ്ഥാപനങ്ങളും നിർബന്ധമായും രജിസ്റ്റർ ചെയ്തിരിക്കണം.
സെബി മാത്യു