അരിസോണ: ആഹാരം നൽകാതെ രണ്ട് ആണ്‍കുട്ടികളെ അലമാരയ്ക്കകത്ത് അടച്ചിട്ടതിനെത്തുടർന്ന് ആറു വയസുള്ള ആണ്‍കുട്ടി മരിക്കാനിടയായ സംഭവത്തിൽ മാതാപിതാക്കളേയും മുത്തശിയേയും പോലീസ് അറസ്റ്റു ചെയ്തു.
ഏകദേശം ഒരു മാസത്തോളമാണ് രണ്ട് കുട്ടികളെ അലമാരയ്ക്കകത്ത് അടച്ചിട്ടത്. ത·ൂലം പോഷകാഹാരക്കുറവു മൂലമാണ് കുട്ടി മരിച്ചതെന്ന് അധികൃതർ പറഞ്ഞു.
മാതാപിതാക്കളായ ആൻറണി ജോസ് ആർക്കിബെക്ക്മാർട്ടിനെസ് (23), എലിസബത്ത് ആർക്കിബെക്ക്മാർട്ടിനെസ് (26), മുത്തശി ആൻ മേരി മാർട്ടിനെസ് (50) എിവർക്കെതിരെയാണ് കുറ്റകരമായ നരഹത്യ, കുട്ടികളെ പീഡിപ്പിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തി ഫ്ലാഗ്സ്റ്റാഫ് പോലീസ് അറസ്റ്റു ചെയ്തത്.
അരിസോണയിലെ ഫ്ലാഗ്സ്റ്റാഫിലെ നോർത്ത് മോണ്ടെ വിസ്റ്റ ഡ്രൈവ് 3100 ബ്ലോക്കിലുള്ള വീട്ടിൽ തിങ്കളാഴ്ച ഉച്ചയ്ക്ക് 12.30നാണ് പോലീസ് എത്തിയത്. കുട്ടിക്ക് ചലനമില്ലെന്ന വിവരം ലഭിച്ചതനുസരിച്ചാണ് പോലീസ് എത്തിയത്.
പാരാമെഡിക്കൽ സ്റ്റാഫ് എത്തുന്നതുവരെ പോലീസ് കുട്ടിയുടെ ജീവൻ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. മെഡിക്കൽ സ്റ്റാഫിനും കുട്ടിയെ രക്ഷിക്കാൻ കഴിഞ്ഞില്ലെന്ന് പോലീസ് പറഞ്ഞു.
അന്വേഷണ ഉദ്യോഗസ്ഥർ വീട് പരിശോധിക്കുകയും മാതാപിതാക്കളേയും മുത്തശിയേയും ചോദ്യം ചെയ്യുകയും ചെയ്തു. എന്നാൽ, ഏഴു വയസുള്ള മറ്റൊരു കുട്ടി പോഷകാഹാരക്കുറവു മൂലം ക്ഷീണിതനായി കാണപ്പെട്ടതോടെ കൂടുതൽ തിരച്ചിലുകൾ നടത്തുകയായിരുന്നു.
കൂടുതൽ ചോദ്യം ചെയ്യലിൽ ആറും ഏഴും വയസുള്ള ആണ്‍കുട്ടികളെ മാതാപിതാക്കൾ കിടപ്പുമുറിയിലെ അലമാരയിൽ ഏകദേശം ഒരു മാസത്തോളം ഭക്ഷണം കൊടുക്കാതെ അടച്ചിട്ടിരിക്കുകയായിരുന്നു എന്ന വിവരം കിട്ടിയതായി പോലീസ് പറയുന്നു.
പോഷകാഹാരക്കുറവുള്ളതായി പോലീസ് പറഞ്ഞ ഏഴുവയസുള്ള സഹോദരനോടൊപ്പം കിടപ്പുമുറിയിലെ അലമാരയ്ക്കകത്ത് ആറു വയസുകാരനേയും അടച്ചിട്ടു എന്നും, ചില സമയങ്ങളിൽ മാത്രമേ ഭക്ഷണം നൽകുകയുള്ളൂ എന്നും മാതാപിതാക്കൾ സമ്മതിച്ചു.
മാതാപിതാക്കൾ ഉറങ്ങിക്കിടക്കുന്പോൾ രാത്രിയിൽ ഭക്ഷണം മോഷ്ടിച്ചതിനാലാണ് ആണ്‍കുട്ടികളെ ശിക്ഷിക്കാൻ അലമാരയ്ക്കകത്ത് അടച്ചിട്ടതെന്ന് മാതാപിതാക്കൾ പറഞ്ഞു.
ആണ്‍കുട്ടികളെ അലമാരയ്ക്കകത്ത് അടച്ചിട്ടിരുന്നത് തനിക്ക് അറിയാമെന്നും, ഭക്ഷണം മോഷ്ടിച്ചതുകൊണ്ട് താൻ പറഞ്ഞിട്ടാണ് അവരെ ശിക്ഷിച്ചതെന്ന് മുത്തശ്ശിയും സമ്മതിച്ചു.
അരിസോണ ഡിപ്പാർട്ട്മെൻറ് ഓഫ് ചൈൽഡ് സേഫ്റ്റി (ഡിസിഎസ്) ഉദ്യോഗസ്ഥർ ഏഴുവയസുകാരനെയും രണ്ട്, നാല് വയസുള്ള സഹോദരങ്ങളെയും ഏറ്റെടുത്തു.
ആർക്കിബെക്ക്മാർട്ടിനെസ് കുടുംബത്തിൽ 2013 ൽ ബാലപീഡനം ആരോപിച്ച് വകുപ്പിന് റിപ്പോർട്ട് കിട്ടിയിട്ടുണ്ടെന്ന് ഡിസിഎസ് വക്താവ് പറഞ്ഞു.
അന്നത്തെ ആരോപണങ്ങൾക്ക് തെളിവില്ലെന്ന് കണ്ടെത്തിയതിനെത്തുടർന്നും, മാതാപിതാക്കൾ സ്വമേധയാ കമ്മ്യൂണിറ്റി സർവീസിൽ പങ്കെടുത്തതിനെത്തുടർന്നും കേസ് അവസാനിപ്പിച്ചതായും ഡിസിഎസ് അറിയിച്ചു.
ആറ് വയസുകാരന്റെ മരണത്തിൽ അന്വേഷണം തുടരുകയാണെന്നും മെഡിക്കൽ എക്സാമിനറുടെ റിപ്പോർട്ട് കിട്ടിയതിനുശേഷമേ മരണകാരണം നിർണയിക്കാൻ സാധിക്കൂ എന്നും പോലീസ് പറഞ്ഞു. മറ്റു വിവരങ്ങളൊന്നും ഇപ്പോൾ നൽകാനാവില്ലെന്നും പോലീസ് പറഞ്ഞു.
റിപ്പോർട്ട്: മൊയ്തീൻ പുത്തൻചിറ