മാതാപിതാക്കളുടെ വഴക്ക് സഹിക്കാൻ കഴിയാതായ കൗമാരക്കാരൻ മരിക്കുവാനുള്ള അനുവാദത്തിനായി രാഷ്ട്രപതിക്ക് കത്തെഴുതി. ബിഹാറിലെ ബഗൽപൂർ സ്വദേശിയായ പതിനഞ്ച് വയസുകാരനാണ് മരിക്കുവാനുള്ള അനുവാദത്തിനായി രാഷ്ട്രപതി രാംനാഥ് കോവിന്ദിന് കത്തെഴുതിയത്.
സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിയുടെ ഓഫീസ് ബഗർപൂരിലെ ജില്ലാഭരണകൂടത്തിന് നിർദ്ദേശം നൽകിയിട്ടുണ്ട്. രണ്ട് മാസങ്ങൾക്കു മുമ്പാണ് ഈ കത്ത് രാഷ്ട്രപതിക്ക് ലഭിച്ചത്. തുടർന്ന് കത്ത് പ്രധാനമന്ത്രിയുടെ ഓഫീസിന് കൈമാറുകയായിരുന്നു.
ഈ കുട്ടിയുടെ അച്ഛൻ സർക്കാർ ഉദ്യോഗസ്ഥനും അമ്മ ബാങ്ക് ഉദ്യോഗസ്ഥയുമാണ്. ഝാർഖണ്ഡിൽ പിതാവിനൊപ്പമാണ് ഈ കുട്ടി താമസിക്കുന്നത്. പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നും അറിയിപ്പ് വന്നതോടെയാണ് സംഭവം പുറത്തറിയുന്നത്.
പരസ്പരം അവിഹിത ബന്ധം ആരോപിച്ചുള്ള മാതാപിതാക്കളുടെ വഴക്ക് കാരണം തനിക്ക് പഠിക്കുവാൻ സാധിക്കുന്നില്ലെന്നും മനസമാധാനമില്ലെന്നും ഈ കുട്ടി കത്തിൽ വ്യക്തമാക്കി. സംഭവത്തിൽ ഉടൻ നടപടി കൈക്കൊള്ളുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.