ബർലിൻ: അഭയാർഥികളായ സ്ത്രീകളുടെ കുട്ടികൾക്ക് അച്ഛന്‍റെ സ്ഥാനത്തെഴുതാൻ പേരു കൊടുക്കുന്നത് ചില ജർമൻ യുവാക്കൾ വരുമാന മാർഗമാക്കിയെന്ന് പ്രോസിക്യൂട്ടർമാർ. ജർമൻകാരനിൽ കുട്ടി ജനിച്ചു എന്നു രേഖയുണ്ടാക്കിയാൽ ജർമനിയിൽ തങ്ങാൻ അനുമതി ലഭിക്കുമെന്നതാണ് അഭയാർഥി സ്ത്രീകളെ ഇങ്ങനെയൊരു മാർഗം തെരഞ്ഞെടുക്കാൻ പ്രേരിപ്പിക്കുന്നത്. പണം നൽകാമെന്നു പറയുന്പോൾ പല ജർമൻകാരും ഇതിനു കൂട്ടുനിൽക്കാൻ തയാറാകുന്നു എന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
ജൈവശാസ്ത്രപരമായി അച്ഛനായില്ലെങ്കിൽ പോലും കുട്ടിയുടെ അച്ഛന്‍റെ സ്ഥാനം നിയമപരമായി ഏറ്റെടുക്കാൻ ജർമനിയിൽ നിയമം അനുവദിക്കുന്നു. ഈ പഴുതാണ് ഇപ്പോൾ അഭയാർഥികൾ ദുരുപയോഗം ചെയ്തു വരുന്നത്.
ഗർഭിണിയായിരിക്കുന്പോൾ തന്നെ ഏതെങ്കിലും ജർമൻകാരനെ പണം കൊടുത്ത് സ്വാധീനിക്കുകയാണ് പലരും ചെയ്യുന്നത്. ഇങ്ങെയാവുന്പോൾ കുട്ടി ജനിക്കുന്പോൾ തന്നെ ജർമൻ പൗരത്വം ലഭിക്കും. ഈ വഴി സ്ത്രീക്ക് രാജ്യത്ത് തങ്ങാൻ അനുമതിയും ലഭിക്കും.
ഇത്തരത്തിലുള്ള നിരവധി കേസുകളാണ് ഇപ്പോൾ ഓരോ മാസവും റിപ്പോർട്ട് ചെയ്യപ്പെടുന്നത്. പത്തു കുട്ടികളുടെ വരെ അച്ഛന്‍റെ സ്ഥാനത്ത് പേരെഴുതി ചേർത്ത ജർമൻ പുരുഷൻമാരുള്ളതായും പ്രോസിക്യൂട്ടർമാർ പറയുന്നു.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ