എല്ലാ മാസവും സ്ത്രീകൾ അനുഭവിക്കുന്ന വേദനയാണ് ആർത്തവ വേദന. എല്ലാ സ്ത്രീകളിലും അത് ഒരുപോലെയും ആയിരിക്കില്ല. എന്നാൽ ഈ വേദന എന്തെന്ന് പറഞ്ഞാൽ പുരുഷന്മാർക്ക് മനസിലാവണം എന്നില്ല. വേദന മൂലം പലപ്പോഴും ഒരു തുള്ളി വെള്ളം പോലും ഇറക്കാൻ സാധിക്കാത്ത സ്ത്രീകളും സമൂഹത്തിലുണ്ട്.
പുരുഷൻമാർക്ക് ആർത്തവ വേദന എങ്ങനെയെന്ന് കാട്ടിക്കൊടുക്കുകയാണ് ജപ്പാനിലെ എക്സിയോ കമ്പനി. അവിടുള്ള പുരുഷ ജീവനക്കാർക്കാണ് ആർത്തവ വേദനയെ കുറിച്ച് അറിയാൻ അവസരം ഒരുക്കിക്കൊടുത്തത്. നാര വിമൻസ് യൂണിവേഴ്സിറ്റിയും സ്റ്റാർട്ടപ്പായ ഒസാക്ക ഹീറ്റ് കൂളും ചേർന്നാണ് പുരുഷന്മാരെ കൂടി ആർത്തവത്തിന്റെ വേദന അറിയിക്കുന്ന ഈ പ്രത്യേകം ഉപകരണം നിർമ്മിച്ചിരിക്കുന്നത്.
പ്രത്യേകം ഉപകരണത്തിലൂടെ പുരുഷന്മാരുടെ ശരീരത്തിലേക്ക് വൈദ്യുതസിഗ്നലുകൾ കടത്തിവിട്ട് ആർത്തവ സമയത്തെ വേദനകൾ അനുഭവിച്ചറിയിക്കുകയാണ്. എക്സിയോ ഗ്രൂപ്പ് ജീവനക്കാരനായ മസയ ഷിബാസാക്കി എന്ന 26 -കാരനായ ചെറുപ്പക്കാരൻ ആർത്തവ വേദനയെ കുറിച്ച് വിവരിച്ചു.
എനിക്ക് എഴുന്നേറ്റ് നിൽക്കാൻ പോലും സാധിക്കുന്നില്ല. വെറും അഞ്ച് മിനിറ്റ് പോലും വേദന താങ്ങാൻ തനിക്ക് സാധിക്കുന്നില്ല. ഈ വേദനയാണ് ഏഴ് ദിവസവും സ്ത്രീകൾ സഹിക്കുന്നതെന്ന് ഓർക്കുന്പോൾ അവരോട് ബഹുമാനമാണ് തോന്നുന്നത്. സ്ത്രീകൾക്ക് അത് എങ്ങനെ മറികടക്കാൻ കഴിയുന്നു എന്നത് അതിശയകരമാണന്നും അയാൾ കൂട്ടിച്ചേർത്തു.
ആർത്തവ അവധി എടുക്കേണ്ടി വരുന്ന സാഹചര്യത്തിൽ സഹപ്രവർത്തകരായ സ്ത്രീകളെ കൂടുതൽ പിന്തുണക്കേണ്ടതുണ്ട്. അങ്ങനെ സ്ത്രീകളുടെ വേദന മനസിലാക്കിപ്പിക്കാനാണ് ഇങ്ങനെ ഒരു കാര്യം ചെയ്തത് എന്നാണ് എക്സിയോ കമ്പനി പറയുന്നത്. കമ്പനിയിലെ 90 ശതമാനം ജീവനക്കാരും പുരുഷന്മാരാണെന്നും അധികൃതർ വ്യക്തമാക്കി.