തിരുവല്ല: പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുടെയും കരാറുകാരന്റെയും ഒത്തുകളി മൂലം 12 ലക്ഷം രൂപ ചെലവഴിച്ച് 20 ദിവസം മുമ്പ് ടാർ ചെയ്ത റോഡ് വീണ്ടും തകർന്നു.
പെരിങ്ങര പഞ്ചായത്തിലെ 9, 10 വാർഡുകളിലൂടെ കടന്നു പോകുന്ന കൂട്ടുമ്മേൽ – സ്വാമിപാലം റോഡാണ് ടാർ ചെയ്ത് ദിവസങ്ങൾക്കുള്ളിൽ തകർന്നത്. ജില്ലാ പഞ്ചായത്തംഗം സാം ഈപ്പന്റെ ഫണ്ടിൽ നിന്നും അനുവദിച്ച തുക ഉപയോഗിച്ചായിരുന്നു നിർമാണം.
ഒന്നര കിലോമീറ്റർ ദൂരമുള്ള റോഡിന്റെ തുടക്കം മുതൽ ഒടുക്കം വരെയുളള ഭാഗത്ത് പതിനഞ്ചോളം കുഴികളാണ് രൂപപ്പെട്ടിരിക്കുന്നത്. റോഡിലെ കുഴികളിൽ കെട്ടി നിന്നിരുന്ന വെള്ളം നീക്കം ചെയ്യാതെ നടത്തിയ തട്ടിക്കൂട്ട് പണിയാണ് തകർച്ചയ്ക്ക് കാരണമെന്നാണ് നാട്ടുകാരുടെ ആരോപണം.
റോഡിന്റെ തകരാറുകൾ പൂർണമായും പരിഹരിച്ച ശേഷം മാത്രമേ കരാറുകാരന് തുക അനുവദിച്ചു നൽകൂവെന്ന് ജില്ലാ പഞ്ചായത്തംഗം സാം ഈപ്പൻ പറഞ്ഞു.