പെരിങ്ങോം(കണ്ണൂർ): പെരിങ്ങോം പോലീസ് സ്റ്റേഷന് പരിധിയിലെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ ഇതുവരെ അറസ്റ്റ് ചെയ്തവരുടെ എണ്ണം ഒന്‍പതായി. പോലീസ് അന്വേഷണം ഊര്‍ജിതം.
ഇതുവരെ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ ആറ്. ഇനിയും കൂടുതല്‍ അറസ്റ്റുകള്‍ക്ക് സാധ്യത.പെരിങ്ങോം പോലീസ് സ്റ്റേഷന് പരിധിയിലെ പതിനേഴുകാരിയെ പീഡിപ്പിച്ച സംഭവവുമായി ബന്ധപ്പെട്ട് പോലീസ് രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം ആറായി.
പോക്സോ വകുപ്പുപ്രകാരം നാലുകേസുകളും കൂട്ട ബലാത്സംഗത്തിന് രണ്ടുകേസുകളുമാണ് പോലീസ് രജിസ്റ്റര്‍ ചെയ്തത്. വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി സംഘംചേര്‍ന്ന് പീഡിപ്പിച്ച സംഭവത്തില്‍ അറസ്റ്റിലായവരുടെ എണ്ണം ഒന്‍പതായി.
മടക്കാംപൊയിലിലെ ശ്രീരാജ് (29), കാങ്കോലിലെ പ്രജീഷ് (32)എന്നിവരെയാണ് കൂട്ട ബലാത്സംഗകേസില്‍ ഇന്ന് അറസ്റ്റ് ചെയ്തത്. വടശേരിയിലെ പ്രശോഭി(26)നെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
മുമ്പ് അറസ്റ്റിലായ മുഖ്യപ്രതി കുപ്പോള്‍ സ്വദേശി പി.വി.രജീഷ് (31), മടക്കാംപൊയിലിലെ പി.വി വിനീഷ് (28), കെ.സുവര്ണന് (39), കുപ്പോളിലെ പി.വി.രജീഷ് (31), കാങ്കോലിലെ നിര്‍മാണ തൊഴിലാളി കല്ലന് ഹൗസില്‍ പ്രജിത്ത് (35), കാങ്കോല്‍ കാളീശ്വരത്തെ ഓട്ടോ ഡ്രൈവര്‍ പുളുക്കൂല്‍ ദിലീപ് (30) എന്നിവര്‍ റിമാൻഡിലാണുള്ളത്.
ഇതോടെ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം ഒന്‍പതായി. ഇരയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഇനിയും കൂടുതല്‍ അറസ്റ്റുകളുണ്ടാകുമെന്നാണ് പോലീസ് നല്കുന്ന സൂചന.
ദിവസങ്ങള്‍ക്ക് മുമ്പ് പെണ്‍കുട്ടിയെ കാണാതായ സംഭവവമുണ്ടായിരുന്നു. ഇതേതുടര്‍ന്നുള്ള അന്വേഷണത്തില്‍ കണ്ടെത്തിയ പെണ്‍കുട്ടിയെ പെരിങ്ങോം പോലീസ് മട്ടന്നൂരിലെ മഹിളാമന്ദിരത്തില്‍ പാര്‍പ്പിച്ചിരുന്നു.
ഇവിടെ നിന്നാണ് താന്‍ കൂട്ടബലാത്സംഗത്തിനിരയായ വിവരം പെണ്‍കുട്ടി പോലീസിനോട് വെളിപ്പെടുത്തിയത്. പെണ്‍കുട്ടിയുടെ മൊഴിയെടുത്തപ്പോഴാണ് മലയോര മേഖലയില്‍ കൂടുതല്‍ ആളുകളുള്‍പ്പെട്ട സെക്സ് റാക്കറ്റ് പ്രവര്‍ത്തിച്ചുവരുന്നതായി പോലീസിന് സൂചന ലഭിച്ചത്.
പിന്നോക്ക വിഭാഗത്തില്‍പെട്ട പെണ്‍കുട്ടിയായതിനാലും കൂടുതല്‍ പ്രതികളുണ്ടെന്നതിനാലും തുടര്‍ന്നുള്ള അന്വേഷണം തളിപ്പറമ്പ് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ നടത്തുകയായിരുന്നു.
ഇത്തരത്തില്‍ മറ്റുചില പെണ്‍കുട്ടികളും മലയോര മേഖല കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന സെക്സ് റാക്കറ്റുകളുടെ കെണിയില്‍ വിണതായും സൂചനയുണ്ട്.