കൊച്ചി: പെരിന്തല്‍മണ്ണ നിയോജക മണ്ഡലത്തില്‍നിന്ന് ലീഗ് സ്ഥാനാര്‍ഥി നജീബ് കാന്തപുരത്തെ തെരഞ്ഞെടുത്ത നടപടി നിയമപരമല്ലെന്നാരോപിച്ച് എതിര്‍ സ്ഥാനാര്‍ഥിയായ കെ.പി. മുഹമ്മദ് മുസ്തഫ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജസ്റ്റീസ് എ. ബദറുദ്ദീനാണ് ഹര്‍ജി പരിഗണിക്കുന്നത്.
നേരത്തെ കേസ് പരിഗണക്കേവ, തെളിവെടുപ്പിന് അഡ്വ. കെ.എന്‍. അഭിലാഷിനെ അഭിഭാഷക കമ്മിഷനായി നിയോഗിച്ചു.
തെളിവെടുപ്പിന് കൂടുതല്‍ സമയം വേണ്ടിവരുമെന്നതിനാല്‍ മറ്റു ജാമ്യ ഹര്‍ജികള്‍ സമയബന്ധിതമായി തീര്‍പ്പാക്കാനാവില്ലെന്നു വിലയിരുത്തിയ സിംഗിള്‍ബെഞ്ച് കക്ഷികളുടെ സമ്മതത്തോടെയാണ് കമ്മിഷനെ നിയോഗിച്ചത്.
കമ്മിഷന്‍ സാക്ഷികളില്‍ നിന്നു തെളിവെടുപ്പു നടത്തിയിരുന്നു. കോടതിയുടെ കസ്റ്റഡിയില്‍ ഭദ്രമായി സൂക്ഷിച്ചിട്ടുള്ള തെരഞ്ഞെടുപ്പു രേഖകള്‍ തെളിവെടുപ്പിനാവശ്യമെങ്കില്‍ കൈമാറണം.
ഏതെങ്കിലും രേഖകളുടെ കാര്യത്തില്‍ കക്ഷികള്‍ എതിര്‍പ്പുന്നയിച്ചാല്‍ അക്കാര്യം രേഖപ്പെടുത്തി കമ്മിഷന്‍ കോടതിയുടെ ശ്രദ്ധയില്‍പെടുത്തണം. കോടതി വാദത്തിനിടെ ഇതു പരിഗണിക്കും.
രേഖകള്‍ പരിശോധിക്കുമ്പോള്‍ ജുഡീഷല്‍ രജിസ്ട്രാറോ ബന്ധപ്പെട്ട ഉദ്യോഗസ്ഥനോ നേരിട്ട് ഹാജരാകണമെന്നും നിര്‍ദേശിച്ചിരുന്നു.
പെരിന്തല്‍മണ്ണ നിയോജക മണ്ഡലത്തിലെ തെരഞ്ഞെടുപ്പു രേഖകള്‍ കാണാതായ സംഭവത്തില്‍ അന്വേഷണ റിപ്പോര്‍ട്ടു നല്‍കാന്‍ ഇലക്ഷന്‍ കമ്മിഷന്‍ പത്തുദിവസം കൂടി സമയം തേടിയതിനും കോടതി അനുമതി നല്‍കിയിരുന്നു. തെളിവെടുപ്പിന്റെ പുരോഗതി ഇന്ന് വിലയിരുത്തും.
നജീബ് കാന്തപുരം 38 വോട്ടുകള്‍ക്കാണ് ജയിച്ചത്. 340 പോസ്റ്റല്‍ വോട്ടുകള്‍ സാങ്കേതിക സാങ്കേതിക കാരണം പറഞ്ഞു എണ്ണാതെ മാറ്റിവച്ചെന്നും ഇതില്‍ 300 ഓളം വോട്ടുകള്‍ തനിക്കു ലഭിച്ചതാണെന്നും ചൂണ്ടിക്കാട്ടിയാണ് മുഹമ്മദ് മുസ്തഫ ഹൈക്കോടതിയെ സമീപിച്ചത്.
തെരഞ്ഞെടുപ്പു രേഖകള്‍ പെരിന്തല്‍മണ്ണ സബ് ട്രഷറിയില്‍നിന്ന് കാണാതെ പോയത് വിവാദമായിരുന്നു. പിന്നീട് മലപ്പുറത്തെ സഹകരണസംഘം ജോയിന്റ് രജിസ്ട്രാറുടെ ഓഫീസില്‍നിന്ന് രേഖകള്‍ കണ്ടെടുത്തു.