കാസര്‍ഗോഡ്: പെരിയ കല്യോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിനെയും ശരത് ലാലിനെയും കൊലപ്പെടുത്തിയ കേസില്‍ ബ്രാഞ്ച് സെക്രട്ടറിയടക്കം അഞ്ച് സിപിഎം പ്രവര്‍ത്തകരെ സിബിഐ അറസ്റ്റ് ചെയ്തു.
സിപിഎം ഏച്ചിലടുക്കം ബ്രാഞ്ച് സെക്രട്ടറി കല്യോട്ടെ രാജേഷ് എന്ന രാജു (38), ഏച്ചിലടുക്കത്തെ റെജി വര്‍ഗീസ് (44), കല്യോട്ടെ സുരേന്ദ്രന് എന്ന വിഷ്ണു സുര (47), കല്യോട്ടെ ശാസ്ത മധു (40), ഏച്ചിലടുക്കത്തെ ഹരിപ്രസാദ് (31) എന്നിവരാണ് അറസ്റ്റിലായത്.
ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിലെ ഒന്നാംപ്രതിയും സിപിഎം പെരിയ ലോക്കല്‍ കമ്മിറ്റിയംഗവുമായ പീതാംബരന്റെ സുഹൃത്താണ് സുരേന്ദ്രന്.
അഞ്ചാം പ്രതി ഗിജിന്റെ ഇളയച്ഛനാണ് ശാസ്ത മധു. ഹരിപ്രസാദ് പെരിയ ബസാറിലെ സിപിഎം നിയന്ത്രണത്തിലുള്ള സഹകരണബാങ്കിലെ ജീവനക്കാരനാണ്.
ഇവരെ ഇന്ന് എറണാകുളം ചീഫ് ജുഡീഷല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. കേസില്‍ കൂടുതല്‍ അറസ്റ്റുണ്ടാകുമെന്ന് സിബിഐ അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി ടി.പി. അനന്തകൃഷ്ണന് പറഞ്ഞു.
കൊലപാതകത്തില്‍ പ്രതികള്‍ക്കു നേരിട്ടു പങ്കുണ്ടെന്നും കുറ്റകൃത്യത്തിന് ആയുധങ്ങളും വാഹനങ്ങളും എത്തിച്ചുകൊടുത്തതും അന്നേദിവസം കൃപേഷിന്റെയും ശരത് ലാലിന്റെയും നീക്കങ്ങള്‍ നിരീക്ഷിച്ചതും ഇവരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നേരത്തേ ക്രൈംബ്രാഞ്ച് സിപിഎം പെരിയ ലോക്കല്‍ കമ്മിറ്റിയംഗം എ. പീതാംബരന്, സജി സി. ജോര്‍ജ്, കെ.എം. സുരേഷ്, അനില്‍, ഗിജിന്‍, ശ്രീരാഗ്, അശ്വിന്, എ.സുബീഷ്, മുരളി, രഞ്ജിത്, പ്രദീപന്, ഉണ്ണി, എന്‍. ബാലകൃഷ്ണന്, കെ. മണികണ്ഠന് എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു.
ഇതില്‍ ഉണ്ണി, എന്‍. ബാലകൃഷ്ണന്, കെ. മണികണ്ഠന് എന്നിവരെ ജാമ്യത്തില്‍ വിട്ടിരുന്നു. മണികണ്ഠന് പിന്നീട് കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തിരുന്നു.
2019 ഫെബ്രുവരി 17ന് രാത്രി 7.30നാണ് ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന കൃപേഷിനെ(19)യും ശരത് ലാലിനെ(24)യും കല്യോട്ട് ജിഎച്ച്എസ്എസിനു സമീപം ആളൊഴിഞ്ഞ സ്ഥലത്തുവച്ച് അതിക്രൂരമായി കൊലപ്പെടുത്തുകയായിരു ന്നു.
കേസിൽ അന്വേഷണം അട്ടിമറിക്കാൻ ശ്രമം നടക്കുന്നതായുള്ള ആരോപണം തുടക്കം മുതലേ ഉണ്ടായിരുന്നു.
സുപ്രീംകോടതിവരെ നീണ്ട നിയമപോരാട്ടങ്ങൾക്കൊടുവിലാണ് കേസ് സിബിഐക്കു വിട്ടത്. 2020 സെപ്റ്റംബര്‍ 14ന് സിബിഐ ഉദ്യോഗസ്ഥര്‍ കല്യോട്ടെത്തി കൊലപാതകരംഗം പുനരാവിഷ്കരിക്കുകയും ചെയ്തു.
നാലുമാസത്തിനകം കുറ്റപത്രം സമര്‍പ്പിക്കാന്‍ ഓഗസ്റ്റ് എട്ടിന് ഹൈക്കോടതി സിബിഐക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതുപ്രകാരം ഈ മാസംതന്നെ സിബിഐക്ക് കുറ്റപത്രം സമർപ്പിക്കേണ്ടിവരും.
അന്ന് സാക്ഷികൾ, ഇന്ന് പ്രതികൾ
കാസർഗോഡ്: ക്രൈംബ്രാഞ്ച് കുറ്റപത്രത്തിൽ സാക്ഷിപ്പട്ടികയിലുണ്ടായിരുന്നവർ സിബിഐ കുറ്റപത്രത്തിൽ പ്രതികളായി.
സിബിഐ ഇന്നലെ അറസ്റ്റ് ചെയ്ത രാജേഷ്, റെജി, ഹരിപ്രസാദ് എന്നിവരാണ് നേരത്തെ ക്രൈംബ്രാഞ്ചിന്റെ സാക്ഷിപ്പട്ടികയിലുണ്ടായിരുന്നത്. ഇവർക്ക് കൊലപാതകത്തിൽ പങ്കുണ്ടെന്ന് പ്രാദേശിക കോൺഗ്രസ് നേതൃത്വം ആരോപിച്ചിരുന്നു.
സിബിഐ അറസ്റ്റ് ചെയ്ത സുരേന്ദ്രന്റെ പേര് ക്രൈംബ്രാഞ്ച് കുറ്റപത്രത്തിലെങ്ങും ഉണ്ടായിരുന്നില്ല. സംഭവദിവസം രാത്രി ഇയാൾ പീതാംബരനെ വിളിച്ചിരുന്നതായി പീതാംബരന്റെ കോൾലിസ്റ്റ് പരിശോധിച്ചപ്പോൾ വ്യക്തമായിരുന്നു.
അതേസമയം, ക്രൈംബ്രാഞ്ച് കുറ്റപത്രത്തിലെ പത്താം പ്രതിയായിരുന്ന രഞ്ജിത്തിന്റെ പേരിലുള്ള കുറ്റം പീതാംബരനെ വിളിച്ച് പ്രതികളുടെ റൂട്ട് പറഞ്ഞുകൊടുത്തെന്നായിരുന്നു.
എന്നിട്ടും എന്തുകൊണ്ട് സുരേന്ദ്രനെ പ്രതിചേർത്തില്ലെന്ന് ഹൈക്കോടതി അന്വേഷണ സംഘത്തോട് എടുത്തുചോദിച്ചിരുന്നു.