കൊച്ചി: യൂത്ത് കോണ്ഗ്രസ് പ്രവർത്തകരായ പെരിയയിലെ കൃപേഷിനേയും ശരത് ലാലിനേയും കൊലപ്പെടുത്തിയ കേസിൽ പ്രതികളുടെ വക്കാലത്തെടുത്ത അഡ്വ. സി.കെ. ശ്രീധരൻ അതിൽ നിന്ന് പിൻമാറണമെന്ന് മുതിർന്ന് കോണ്ഗ്രസ് നേതാവ് രമേശ് ചെന്നിത്തല.
സി.കെ. ശ്രീധരൻ ചെയ്തത് തെറ്റാണ്. ധാർമ്മികതക്ക് എതിരായിട്ടുള്ള കാര്യമാണത്. അതിനാൽ അദ്ദേഹം അതിൽ നിന്ന് പിൻമാറണം. ഒരു പഴയ സുഹൃത്ത് എന്ന നിലയിലാണ് ഇത് പറയുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
യൂത്ത് കോണ്ഗ്രസ് പ്രവർത്തകരായ കൃപേഷിനേയും ശരത് ലാലിനേയും രാഷ്ട്രീയ വൈരാഗ്യം മൂലം സിപിഎം പ്രവർത്തകർ കൊലപ്പെടുത്തിയെന്നാണ് കുറ്റപത്രം.
ഈ കേസിലാണ് മുൻ കോണ്ഗ്രസ് നേതാവും പ്രമുഖ ക്രിമിനൽ അഭിഭാഷകനുമായ സി.കെ. ശ്രീധരൻ പ്രതികളുടെ വക്കാലത്ത് ഏറ്റെടുത്തിരിക്കുന്നത്.
ഒന്നാം പ്രതി പീതാംബരൻ, രണ്ട് മുതൽ നാല് വരെയുള്ള പ്രതികളായ സജി ജോർജ്, കെ.എം. സുരേഷ്, കെ. അനിൽകുമാർ, പതിമൂന്നാം പ്രതി ബാലകൃഷ്ണൻ, പതിനാലാം പ്രതിയും കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ കെ. മണികണ്ഠൻ, ഇരുപതാം പ്രതി മുൻ എംഎൽഎ കെ.വി. കുഞ്ഞിരാമൻ, 22, 23 പ്രതികളായ രാഘവൻ വെളുത്തോളി, കെ.വി. ഭാസ്ക്കരൻ എന്നിവർക്ക് വേണ്ടിയാണ് സി. കെ. ശ്രീധരൻ വാദിക്കുന്നത്.