തിരുവനന്തപുരം: കോവിഡ് പ്രതിസന്ധിക്കിടെ പെരിയ ഇരട്ടക്കൊലപാതക കേസിൽ സർക്കാരിന് വേണ്ടി വാദിച്ച അഭിഭാഷകർക്ക് പണം അനുവദിച്ച് കൊണ്ട് സർക്കാർ ഉത്തരവ്.
കാസർകോട്ടെ കോണ്ഗ്രസ് പ്രവർത്തകരായ കൃപേഷ്, ശരത് ലാൽ എന്നിവരെ കൊലപ്പെടുത്തിയ കേസിൽ സിബിഐ അന്വേഷണത്തിനെതിരെ വാദിക്കാനാണ് സുപ്രീംകോടതിയിലെ അഭിഭാഷകരെ സർക്കാർ രംഗത്തിറക്കിയത്.
അഭിഭാഷകരായ മനീന്ദർ സിംഗ്, പ്രഭാ ബജാജ് എന്നിവർക്ക് നൽകാനാണ് പണം അനുവദിച്ച് സർക്കാർ ഉത്തരവിറക്കിയത്. ബിസിനസ് ക്ലാസിലെ യാത്ര, ഫൈവ് സ്റ്റാർ ഹോട്ടലിലെ താമസം എന്നിവ ഉൾപ്പെടെ വക്കീൽ ഫീസ് അടക്കം നൽകാനാണ് തുക അനുവദിച്ചിരിക്കുന്നത്.
എന്നാൽ എത്ര തുകയാണെന്ന് ഉത്തരവിൽ പറഞ്ഞിട്ടില്ല. എജിയുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ ആഭ്യന്തരവകുപ്പാണ് തുക അനുവദിച്ച് കൊണ്ട് ഉത്തരവിറക്കിയിരിക്കുന്നത്.
ലക്ഷങ്ങൾ പ്രതിഫലം വാങ്ങുന്ന അഭിഭാഷകരെയാണ് സർക്കാർ ഈ കേസിന് വേണ്ടി വാദിക്കാൻ ചുമതലപ്പെടുത്തിയത്.