കണ്ണൂർ: പെരിയ ഇരട്ടക്കൊലക്കേസില്‍ ശിക്ഷ മരവിപ്പിച്ച് ഹൈക്കോടതി ജാമ്യം അനുവദിച്ച മുന്‍ എംഎല്‍എ കെ.വി. കുഞ്ഞിരാമനടക്കം നാലുപ്രതികൾ കണ്ണൂർ സെൻട്രൽ ജയിലിൽനിന്നു പുറത്തിറങ്ങി. ഇന്നു രാവിലെ 9.21ന് പുറത്തിറങ്ങിയ പ്രതികളെ സ്വീകരിക്കാൻ കണ്ണൂർ-കാസർഗോഡ് ജില്ലകളിലെ സിപിഎം ജില്ലാ സെക്രട്ടറിമാർ ഉൾപ്പെടെയുള്ള സിപിഎം നേതാക്കൾ എത്തിയിരുന്നു. രക്തഹാരം അണിയിച്ചാണ് പ്രതികളെ ജയിലിന് പുറത്തേക്ക് നേതാക്കൾ ആനയിച്ചത്.
സിപിഎം കാസർഗോഡ് ജില്ലാ സെക്രട്ടറി എം.വി. ബാലകൃഷ്ണൻ, കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ എന്നിവർക്ക് പുറമെ സിപിഎം നേതാക്കളായ പി. ജയരാജൻ, കെ.പി.സതീഷ് ചന്ദ്രൻ, വി.വി. രമേശൻ, കെ.രാജ് മോഹൻ എന്നിവരും സ്വീകരിക്കാൻ എത്തിയിരുന്നു.20-ാം പ്രതിയായ കുഞ്ഞിരാമനു പുറമെ 14-ാം പ്രതി മണികണ്ഠന്, 21-ാം പ്രതി രാഘവന് വെളുത്തോളി, 22-ാം പ്രതി കെ.വി. ഭാസ്കരന് എന്നിവരാണ് പുറത്തിറങ്ങിയത്.
രണ്ടാം പ്രതിയെ പോലീസ് കസ്റ്റഡിയില്‍നിന്നു മോചിപ്പിച്ചുവെന്ന കുറ്റത്തിന് ഇവർക്കു പ്രത്യേക സിബിഐ കോടതി അഞ്ചു വര്‍ഷം തടവും 10,000 രൂപ വീതം പിഴയുമാണ് ശിക്ഷ വിധിച്ചിരുന്നത്. എന്നാൽ, ശിക്ഷ മരവിപ്പിച്ച് ഹൈക്കോടതി ജാമ്യം അനുവദിച്ചു.പ്രതികള്‍ നല്കിയ അപ്പീലിലാണു ജസ്റ്റീസുമാരായ പി.ബി. സുരേഷ്കുമാര്‍, ജോബിന് സെബാസ്റ്റ്യന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ചിന്റെ നടപടി. 50,000 രൂപയുടെ സ്വന്തം ബോണ്ടിലും തത്തുല്യമായ രണ്ട് ആള്‍ജാമ്യത്തിലുമാണ് നാലു പ്രതികളെ ജാമ്യത്തില്‍ വിട്ടിരിക്കുന്നത്.
രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമായാണ് തങ്ങൾ പ്രതി ചേർക്കപ്പെട്ടിരിക്കുന്നതെന്ന് ജയിൽ മോചിതനായ ശേഷം കെ.വി. കുഞ്ഞിരാമൻ മാധ്യമങ്ങളോട് പറഞ്ഞു. തങ്ങൾക്കെതിരേയുള്ള ശിക്ഷ ഹൈക്കോടതി സ്റ്റേ ചെയ്തതോടെ സിബിഐ കെട്ടിപ്പൊക്കിയ ഒരു വലിയ നുണയുടെ കോട്ടയാണ് തകർന്നു വീണത്.
നീതി ന്യായ വ്യവസ്ഥയിൽ തങ്ങൾക്ക് വിശ്വാസമുണ്ട്. നീതി ലഭിക്കുമെന്ന് പ്രതീക്ഷ ഉണ്ടായിരുന്നുവെന്നും കുഞ്ഞിരാമൻ പറഞ്ഞു. കാസർഗോഡ് ജില്ലയിലും ഇന്നു വൈകുന്നേരം ജയിൽ മോചിതരായവർക്ക് സ്വീകരണം ഒരുക്കുന്നുണ്ട്.