കണ്ണൂർ: പെരിയയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ക്രൂരമായി കൊലപ്പെടുത്തിയ കേസ് അട്ടിമറിക്കാനും അന്വേഷണം ശരിയായ രൂപത്തിൽ നടക്കാതിരിക്കാനും മുഖ്യമന്ത്രിയുടെ ഓഫീസിൽ പ്രത്യേക വിഭാഗം പ്രവർത്തിക്കുന്നുണ്ടെന്ന് ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി.
അന്വേഷണം കണ്ണൂർ ലോബിയിലേക്കെത്താതിരിക്കാനാണ് അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈബ്രാഞ്ച് എസ്പി വി.എം. മുഹമ്മദ് റഫീക്കിനെ സ്ഥലം മാറ്റിയതെന്നും സതീശൻ പാച്ചേനി ആരോപിച്ചു. അന്വേഷണം തുടങ്ങി നാലാം ദിവസം അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റുന്നത് കേട്ട് കേൾവി ഇല്ലാത്ത കാര്യമാണ്.
കേസിലെ പ്രതികളെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ അന്വേഷണത്തിലേക്ക് നീങ്ങിയതാണ് പെട്ടന്ന് തന്നെ അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റാൻ കാരണം. സിപിഎം തീരുമാനിച്ചുറപ്പിച്ച വഴിയിലൂടെ കേസന്വേഷണം നടക്കില്ലെന്നു മനസിലാക്കിയ മുഖ്യമന്ത്രിയുടെ ഓഫീസിലെ ചിലരാണ് അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയതിനു പിന്നിൽ.
പ്രതികളെ കാര്യമായി ചോദ്യം ചെയ്താൽ സിപിഎം കണ്ണൂർ ലോബിയിലേക്ക് അന്വേഷണം നീളും എന്ന ഭയം സിപിഎമ്മിനെ വേട്ടയാടുന്നുണ്ട്. ക്രിമിനൽ ക്വട്ടേഷൻ സംഘങ്ങളുടെ സംരക്ഷണം ഏറ്റെടുത്തിട്ടുള്ള കണ്ണൂർ സിപിഎം ലോബിയുടെ വിശ്വസ്തൻ ഇതിനായി മുഖ്യമന്ത്രിയുടെ ഓഫീസിൽ ഇരുന്ന് പെരിയ കൊല കേസിൽ ഇടപെട്ട് കൊണ്ടിരിക്കുകയാണ്.
നിയമ സംവിധാനങ്ങളെ പരിഹസിച്ച് പാർട്ടി താത്പര്യം സംരക്ഷിച്ച് മുന്നോട്ട് പോകുന്ന പിണറായി -കോടിയേരി അച്ചുതണ്ടിന്റെ ജനാധിപത്യവിരുദ്ധ നടപടികൾക്കെതിരെ പൊതു സമൂഹം പ്രതിഷേധിക്കണമെന്നും സതീശൻ പാച്ചേനി പ്രസ്താവനയിൽ പറഞ്ഞു.