പെരിയ(കാസര്‍ഗോഡ്): ദേശീയപാത വികസനത്തിന്റെ ഭാഗമായി കാസര്‍ഗോഡ്-കാഞ്ഞങ്ങാട് പാതയിലെ പെരിയ ടൗണില്‍ നിര്‍മിക്കുന്ന മേല്‍പ്പാലം കോണ്‍ക്രീറ്റിംഗിനിടെ തകര്‍ന്നുവീണു. അപകടത്തില്‍ ഒരു തൊഴിലാളിക്ക് പരിക്കേറ്റു. ഇന്നു പുലര്‍ച്ചെ മൂന്നോടെയാണ് അപകടമുണ്ടായത്.
അപകടസമയത്ത് കോണ്‍ക്രീറ്റ് ഉണങ്ങിയിട്ടുണ്ടായിരുന്നില്ല. കോണ്‍ക്രീറ്റിന് താങ്ങായി ഉപയോഗിക്കുന്ന ഇരുമ്പുപൈപ്പുകള്‍ ശരിയാംവിധം ഉറപ്പിക്കാത്തതാണ് തകർച്ചയ്ക്കിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനമെന്ന് പദ്ധതിയുടെ ക്വാളിറ്റി എന്‍ജിനിയര്‍ എച്ച്.ആര്. മല്ലികാര്‍ജുന പറഞ്ഞു.
ഉപയോഗിച്ച പൈപ്പുകളില്‍ തുരമ്പു പിടിച്ചവയും ധാരാളമുണ്ടെന്ന് ആരോപണമുണ്ട്.അപകടം നടന്നയുടന്‍ കമ്പനി അധികൃതര്‍ പത്തുമീറ്ററോളം ഉയരത്തില്‍ അപകടസ്ഥലം ഗ്രീന്‍നെറ്റ് കെട്ടി മറച്ചിരുന്നു.
ഹൈദരാബാദ് ആസ്ഥാനമായുള്ള മേഘ എന്‍ജിനിയറിംഗ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചേഴ്സ് ലിമിറ്റഡിനാണ് ഈ റീച്ചിലെ നിര്‍മാണ ചുമതല.
ദേശീയപാത അധികൃതര്‍ എത്താതെ നിര്‍മാണ അവശിഷ്ടങ്ങള്‍ നീക്കാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞു നാട്ടുകാര്‍ രംഗത്തെത്തിയതോടെ സ്ഥലത്ത് സംഘര്‍ഷാവസ്ഥ രൂപപ്പെട്ടു.
ബേക്കല്‍ പോലീസ് എത്തിയാണ് സ്ഥിതിഗതികള്‍ ശാന്തമാക്കിയത്.അടിപ്പാതയാണ് ഇവിടെ നിര്‍മിക്കുന്നത്. ഒരു മാസം കൊണ്ടാണ് ഇതിന്റെ നിര്‍മാണം ഇവിടം വരെയെത്തിയത്.
മൂന്നു ഷിഫ്റ്റായി 24 മണിക്കൂറും ജോലി നടക്കുന്ന ഇവിടെ അതിവേഗമാണ് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നത്. അപകടത്തോടെ നിര്‍മാണസാമഗ്രികളുടെ ഗുണനിലവാരത്തിലും ജനങ്ങളില്‍ ആശങ്ക ഉയര്‍ന്നിട്ടുണ്ട്.