തൊടുപുഴ: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തി.
141. 40 അടിയാണ് നിലവിലെ ജലനിരപ്പ്. ഇതോടെ ഡാമിന്റെ സ്പില്‍വെ ഷട്ടര്‍ ഇന്നു രാവിലെ വീണ്ടും ഉയര്‍ത്തി വെള്ളം പുറത്തേക്കൊഴുക്കിതുടങ്ങി.
ഒരു ഷട്ടര്‍ ഉയര്‍ത്തി 397 ക്യുസെക്സ് ജലമാണ് പുറത്തേക്കൊഴുക്കുന്നത്. പെരിയാര്‍ തീര പ്രദേശങ്ങളില്‍ കളക്ടര്‍ ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.
സെക്കന്‍ഡില്‍ 5617 ഘനയടി വെള്ളമാണ് ഡാമിലേക്ക് ഒഴുകിയെത്തുന്നത്. നിലവില്‍ 1867 ഘനയടി വെള്ളം തമിഴ്നാട് കൊണ്ടുപോകുന്നുണ്ട്.
കഴിഞ്ഞ ദിവസം സ്പില്‍വെ ഷട്ടര്‍ അടച്ചതിനു പിന്നാലെയാണ് മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് കുതിച്ചുയര്‍ന്നത്.
ഇന്ന് രാവിലെ ആറിന് അണക്കെട്ടിലെ ജലനിരപ്പ് 141.35 അടിയിലെത്തി. ഇന്നലെ വൈകുന്നേരത്തോടെ അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്തടക്കം മഴ ശക്തമായതോടെ രാത്രിയില്‍ അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് വര്‍ധിച്ചു.
തമിഴ്നാട് കൊണ്ടുപോകുന്ന വെള്ളത്തിനന്റെ അളവ് കുറച്ചതും സ്പില്‍വെ ഷട്ടറുകള്‍ അടച്ചതും ജലനിരപ്പ് ഉയരാന്‍ കാരണമായി.
ഇടുക്കി ഡാമില്‍ ജലനിരപ്പ് 2400.10 അടിയായി. അതേ സമയം ഇന്ന് രാവിലെ ഇടുക്കിയില്‍ തെളിഞ്ഞ അന്തരീക്ഷമാണ്. എന്നാല്‍ മഴ ശക്തിപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.