പെരിയാറില്‍ ആലുവയ്ക്കടുത്ത് യു.സി കോളജിനു സമീപം സ്വകാര്യ കുളിക്കടവില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്നു സ്ഥിരീകരിച്ച് പോലീസ്. ശ്വാസംമുട്ടിച്ച് കൊന്ന ശേഷം ഭാരമേറിയ കോണ്‍ക്രീറ്റ് കല്ലുകള്‍ ഉപയോഗിച്ച് പുതപ്പില്‍ കയറുകൊണ്ടു കെട്ടിത്താഴ്ത്തിയതായിട്ടാണ് വിലയിരുത്തല്‍.
വസ്ത്രധാരണത്തിന്റെയും ശാരീരിക ലക്ഷണങ്ങളുടെയും അടിസ്ഥാനത്തില്‍ ഐടി മേഖല കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന യുവതികളില്‍ ആരെങ്കിലുമാണോ കൊല്ലപ്പെട്ടതെന്ന നിഗമനത്തിലാണ് പോലീസ് അന്വേഷണം പുരോഗമിക്കുന്നത്. കണ്ടെത്തിയ മൃതദേഹം ഇതര സംസ്ഥാനക്കാരിയായ യുവതിയുടേതാണോയെന്നും സംശയമുണ്ട്.
നാലു മുതല്‍ ഏഴു ദിവസം വരെ പഴക്കമുള്ള മൃതദേഹം അഴുകിയതിനാല്‍ പോലീസ് അന്വേഷണത്തെ കുഴയ്ക്കുകയാണ്. കൃത്യത്തിനു പിന്നില്‍ ഒന്നില്‍ കൂടുതല്‍ പേര് ഉണ്ടെന്ന സൂചനയാണ് അന്വേഷണസംഘം നല്‍കുന്നത്. ചൊവ്വാഴ്ച വൈകീട്ട് യു.സി കോളജിനു സമീപം വിദ്യാഭവന് കടവിലാണ് മൃതദേഹം അവിടെത്തെ വൈദിക വിദ്യാര്‍ഥികള്‍ കണ്ടത്.
വിവരമറിയിച്ചതിനെ തുടര്‍ന്നു റൂറല്‍ എസ്പി അടക്കമുള്ള ഉന്നത പോലീസ് സംഘം ഉടന്‍ സംഭവസ്ഥലത്തെത്തിയെങ്കിലും രാത്രിയായതിനാല്‍ കാവല്‍ ഏര്‍പ്പെടുത്തിയ ശേഷം ഇന്നലെ രാവിലെയാണ് മൃതദേഹം കരയ്ക്കെടുത്ത് പരിശോധിച്ചത്. പച്ച ലെഗ്ഗിന്സും നീല ടീ ഷര്‍ട്ടും ധരിച്ച നിലയിലായിരുന്നു മൃതദേഹം.
മുടി ഡൈ ചെയ്തും നഖങ്ങള്‍ വെട്ടിയൊതുക്കി പോളീഷ് ചെയ്തും സൂക്ഷിച്ച ദേഹത്തിന് 154 സെന്റിമീറ്റര്‍ ഉയരമുണ്ട്. വസ്ത്രധാരണവും ശാരീരിക ലക്ഷണങ്ങളും വിലയിരുത്തിയ അന്വേഷണ സംഘം ഏതെങ്കിലും ഐടി മേഖലകളില്‍ ജോലിയെടുക്കുന്ന കേളത്തിനകത്തോ പുറത്തോ ഉള്ള യുവതിയുടേതാകാം എന്ന നിഗമനത്തിലാണ്. അടുത്തിടെ കാണാതായ സ്ത്രീകളെക്കുറിച്ചുള്ള പരാതികള്‍ പരിശോധിക്കാന്‍ എല്ലാ പോലീസ് സ്റ്റേഷനുകളിലേക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.