കൊച്ചി: പെരിയാറിലെ മത്സ്യക്കുരുതിക്ക് പിന്നാലെ മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍ സ്ഥലം മാറ്റം. ഏലൂരിലെ പരിസ്ഥിതി നിയന്ത്രണ ബോര്‍ഡ് പാരിസ്ഥിതിക എൻജിനീയര്‍ സജീഷ് ജോയിയെ സ്ഥലം മാറ്റി.
മലിനീകരണ നിയന്ത്രണ ബോര്‍ഡ് റീജിയണല്‍ ഓഫീസിലെ സീനിയര്‍ എന്‍വയോണ്‍മെന്റല്‍ എന്‍ജിനീയര്‍ എം.എ. ഷിജുവിനാണ് പകരം ചുമതല. മത്സ്യക്കുരുതിക്ക് പിന്നാലെ വ്യവസായ മന്ത്രി വിളിച്ച യോഗത്തില്‍ ഏലൂരില്‍ മുതിര്‍ന്ന ഓഫീസറെ നിയമിക്കാന്‍ തീരുമാനിച്ചിരുന്നു.
ഇതിന്റെ ഭാഗമായാണ് സ്ഥലം മാറ്റമെന്നാണ് പിസിബി വിശദീകരണം. രൂക്ഷമായ വിമര്‍ശനമമാണ് പ്രദേശവാസികള്‍ പിസിബിക്കെതിരേ ഉന്നയിക്കുന്നത്.
സബ്കളക്ടര്‍ ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും
സംഭവത്തില്‍ ഫോര്‍ട്ടുകൊച്ചി സബ് കളക്ടര്‍ കെ. മീരയുടെ നേതൃത്വത്തില്‍ രൂപീകരിച്ച കമ്മിറ്റി ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. മത്സ്യങ്ങള്‍ കൂട്ടത്തോടെ നശിക്കാനിടയായ സാഹചര്യം സംബന്ധിച്ച് ലാബ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും സബ് കളക്ടറുടെ റിപ്പോര്‍ട്ട്. മലിനീകരണ നിയന്ത്രണ ബോര്‍ഡ്, ഇറിഗേഷന്‍, വ്യവസായ വകുപ്പ്, ആരോഗ്യ വകുപ്പ്, വാട്ടര്‍ അഥോറിറ്റി, ഫിഷറീസ് എന്നീ വകുപ്പുകള്‍ ഉള്‍പ്പെട്ടതാണ് കമ്മിറ്റി.
കുഫോസ് റിപ്പോര്‍ട്ടും ഇന്ന്
പെരിയാറിലെ മത്സ്യക്കുരുതിയില്‍ കുഫോസ് ഇന്ന് ഫിഷറീസ് വകുപ്പിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്ത് പൊങ്ങാനിടയായതിന്റെ കാരണങ്ങള്‍ വ്യക്തമാക്കുന്ന സമഗ്രമായ റിപ്പോര്‍ട്ടായിരിക്കും സമര്‍പ്പിക്കുക. ഇതിന്റെ ഭാഗമായി കുഫോസ് ഗവേഷക സംഘം ചത്ത മത്സ്യങ്ങളുടെയും പെരിയാറിലെ ജലത്തിന്റെയും സാമ്പിളുകള്‍ ശേഖരിച്ചിരുന്നു. ഷിഷറീസ് വകുപ്പിന്റെ നിര്‍ദേശാനുസരണം സര്‍വകലാശാല വിസിയാണ് ശാസ്ത്രീയ പഠനത്തിന് ഉത്തരവിട്ടത്.
മത്സ്യ കര്‍ഷകര്‍ക്കായുള്ള നഷ്ടപരിഹാരത്തിനായി ഫിഷറീസ് വകുപ്പിന്റെ കണക്കെടുപ്പും ഏറെക്കുറെ പൂര്‍ത്തിയായി. നഷ്ട പരിഹാരത്തിന് നിയമ വഴി തേടിയ മത്സ്യകര്‍ഷകര്‍ പോലീസ് സ്റ്റേഷനുകളില്‍ പരാതി നല്‍കിയിട്ടുണ്ട്. അതേസമയം പെരിയാറിലെ മത്സ്യക്കുരുതിക്ക് കാരണം രാസമാലിന്യമല്ലെന്നും വെള്ളത്തിലെ ഓക്സിജന്‍ കുറഞ്ഞതാണെന്നും മലിനീകരണ നിയന്ത്രണ ബോര്‍ഡ് വിലയിരുത്തുന്നു.