കൊച്ചി: കനത്ത പേമാരിയിലും വെളളപ്പൊക്കത്തിലും വിറങ്ങലിച്ച് ജില്ല. പെരിയാർ രൗദ്ര ഭാവത്തിൽ കരകവിഞ്ഞ് ഒഴുകയാണ്. മുല്ലപ്പെരിയാർ, ഇടമലയാർ, ചെറുതോണി അണക്കെട്ടുകളിലെ വെളളം പെരിയാറിലേക്ക് എത്തിയതോടെ ജലനിരപ്പ് ആശങ്കപ്പെടുത്തുന്ന നിലയിലാണ്. ആലുവ ഗസ്റ്റ് ഹൗസിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന ജില്ലാ കണ്ട്രോൾ റൂം പത്തടിപ്പാലത്തെ ഗസ്റ്റ് ഹൗസിലേക്ക് മാറ്റി.
ആലുവ, പിറവം, കാലടി, മൂവാറ്റുപുഴ, കോലഞ്ചേരി പ്രദേശങ്ങളിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം പെരിയാറിന്റെ ഇരു കരയിൽ നിന്നും മാത്രമായി 30,000 ത്തിലധികം പേരെ ദുരിതാശ്വാസ ക്യാന്പുകളിലേക്ക് മാറ്റിപാർപ്പിച്ചു. ആലുവ ശിവക്ഷേത്രം പൂർണമായും മുങ്ങുന്ന അവസ്ഥയിലാണ്.
വെള്ളമുയർന്നതിനെ തുടർന്ന് ആലുവ-തൃശൂർ ഭാഗത്തേക്ക് റെയിൽ ഗതാഗതം താൽക്കാലികമായി നിർത്തി വെച്ചിരിക്കുകയാണ്. എറണാകുളം-ആലുവ റൂട്ടിൽ കന്പിനിപ്പടിയിൽ വെളളം കയറി. വെള്ളം ഇനിയും ഉയരുന്ന സാഹചര്യം ഉണ്ടായാൽ തൃശൂർ ഭാഗത്തേക്ക് ഗതാഗതം പൂർണമായും നിരോധിക്കേണ്ട അവസ്ഥയെത്തും.
ആലുവയിൽ പെരിയാറിന്റെ തീരത്തുള്ള ഫ്ളാറ്റുകളിൽ രണ്ടു നിലയുടെ ഉയരത്തിൽ വെള്ളം പൊങ്ങിയിട്ടുണ്ട്. ഇവിടെ വീടുകളിലും മറ്റും ഒറ്റപ്പെട്ട ആളുകളെ വഞ്ചിയിലെത്തി രക്ഷാ പ്രവർത്തകർ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി കൊണ്ടിരിക്കുകയാണ്. ആലുവയിലെ പന്പിംഗ് ഹൗസുകളിൽ വെള്ളം കയറിയതിനെ തുടർന്ന് ജില്ലയിലെ കുടിവെള്ള വിതണവും തടസപ്പെട്ടു.വെള്ളം കയറിയതിനാൽ കലൂർ 110 കെവി സബ്സ്റ്റേഷന്റെ പ്രവർത്തനം നിർത്തി വെച്ചിരിക്കുകയാണ്.
വെള്ളപ്പൊക്കം മൂലം ചിലയിടങ്ങളിൽ ട്രാൻസ്ഫോമറുകളും ഓഫ് ചെയ്തിരിക്കുകയാണ്. മുട്ടം യാർഡിൽ വെള്ളം കയറിയതിനെ തുടർന്ന് മെട്രോ സർവീസ് താത്കാലികമായി നിർത്തി വെച്ചു.നിലവിൽ പെരിയാറിന്റെ തീരത്തുള്ള 12000 കുടുംബങ്ങളെ പ്രളയം ബാധിച്ചിട്ടുണ്ടെന്നാണ് കണക്ക്.
പുത്തൻവേലിക്കര, മാഞ്ഞാലി, അങ്കമാലി, ചേന്ദമംഗലം, ചിറ്റാറ്റുകര, പറവൂർ ഭാഗങ്ങളിൽ റോഡുകളിലും പൊതുസ്ഥലങ്ങളിലും ഗതാഗതം ഭാഗികമായി നിരോധിച്ചു. നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളും വെള്ളത്തിൽ മുങ്ങിയ അവസ്ഥയിലാണ്.
ഭൂതത്താൻ കെട്ട് ഡാമിന്റെ ബാരേജിൽ മുട്ടിയാണ് വെള്ളം ഒഴുകിക്കൊണ്ടിരിക്കുന്നത്. കുട്ടന്പുഴ, ഇഞ്ചത്തൊട്ടി പ്രദേശങ്ങളും മുഴുവൻ ഒറ്റപ്പെട്ടു. കോതമംഗലം ടൗണ് പൂർണമായും വെള്ളത്തിൽ മുങ്ങി. ഉൗന്നുകൽ ഭാഗത്ത് വെള്ളം കയറിയതിനെ തുടർന്ന് കോതമംഗലം – അടിമാലി റോഡിലെ ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. കോതമംഗലം താലൂക്കിലെ 747 കുടുംബങ്ങളാണ് ദുരിതാശ്വാസ ക്യാന്പിൽ കഴിയുന്നത്.
ജില്ലയിലെ പിഴല, കടമക്കുടി, കോഴിതുരുത്ത് തുടങ്ങിയ ദ്വീപുകളും നിരവധി തുരുത്തുകളും ഒറ്റപ്പെട്ടിരിക്കുകയാണ്. പെരുന്പാവൂരിൽ അശമന്നൂർ, രായമംഗലം പഞ്ചായത്തുകളൊഴികെ എല്ലാ മേഖലകളിലും വെള്ളത്തിലാണ്. ഒക്കൽ, കൂവപ്പടി, മുടക്കുഴ, വെങ്ങൂർ പഞ്ചായത്തുകളേയാണ് ഏറെ ബാധിച്ചത്.
ആയിരത്തോളം കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. ഇന്നലെ 20 ക്യാന്പുകൾ തുറന്നെങ്കിൽ ഇവിടെയൊക്കെ ആളുകളുടെ എണ്ണം കൂടിയതോടെ ഇന്ന് അഞ്ചു ക്യാന്പുകൾകൂടി തുറന്നു. പെരുന്പാവൂർ നഗരത്തിന്റെ പല ഭാഗങ്ങളിലും വെള്ളം കേറി. പ്രൈവറ്റ് ബസ്റ്റാന്റ്, പച്ചക്കറി മാർക്കറ്റ് തുടങ്ങിയ സ്ഥലങ്ങൾ വെള്ളത്തിലായി. നഗരത്തിലെ പ്രമുഖ സ്വകാര്യ ആശുപത്രിയുടെ താഴ്ഭാഗത്തെ നിലയിൽ വെള്ളം കേറി. ഗതാഗതം പൂർണമായും സംതംഭിച്ചു.
എംസി റോഡിൽ വെള്ളം കയറിയതിനാൽ എംസി റോഡുവഴിയുള്ള ഗതാഗതം നിർത്തിവച്ചിരിക്കുകയാണ്. പെരുന്പാവൂർ-കോതമംഗലം റോഡ്, പെരുന്പാവൂർ-കോലഞ്ചേരി റോഡ് എന്നീ പ്രധാന റോഡുകളിലൂടെയുള്ള ഗതാഗതം നിർത്തിവച്ചു. പെരുന്പാവൂർ ആലുവ റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.
പെരുന്പാവൂർ നഗരത്തിലേക്കുള്ള ഇടറോഡുകളിലൊക്കെ വെള്ളം കയറിയതിനാൽ നഗരത്തിലേക്ക് എത്തുന്നതും ക്യാന്പുകളിലേക്ക് ദുരിതബാധിതരെ എത്തിക്കുന്നതിനുമൊക്കെ തടസം നേരിട്ടിരിക്കുകയാണ്. ക്യാന്പുകളിൽ ഭക്ഷണവും വെള്ളവും എത്തിക്കുന്നതും തടസം നേരിട്ടിരിക്കുന്നു.