ആലുവ: പെരിയാറിൽ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ യുവതിയെ കൊലപ്പെടുത്തിയത് ശ്വാസം മുട്ടിച്ചാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. എന്നാൽ മൃതദേഹത്തിൽ പരിക്കുകളോ ബലപ്രയോഗം നടന്നതിന്റെ സൂചനകളോയില്ല. യുവതിയുടെ ശരീരത്തിൽ ചതവുകളില്ലെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു.
ഇതോടെ സംഭവത്തിൽ ദുരൂഹത ഏറുകയാണ്. പോസ്റ്റ്മോർട്ടത്തിന് മുന്നോടിയായി എക്സ്റേ ചെയ്തെങ്കിലും അസ്തികൾക്ക് ഓടിവോ ക്ഷതമോ കണ്ടെത്തിയിരുന്നില്ല. ചൊവ്വാഴ്ച വൈകിട്ട് ആറരയോടെ ആലുവ യുസി കോളജിനു സമീപം കടൂപ്പാടത്തെ വിൻസെൻഷ്യൻ വിദ്യാഭവൻ സെമിനാരിയോടു ചേർന്നുള്ള കടവിലാണ് മൃതദേഹം കണ്ടെത്തിയത്.
നാൽപത് വയസിനു താഴെ പ്രായമുള്ള യുവതിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. യുവതിയുടെ വായിൽ തുണി തിരുകിയ നിലയിലാണ്. ഒരു ചുരിദാറിന്റെ ബോട്ടം അപ്പാടെ ആണ് വായിൽ തിരുകിയിരുന്നത്. നാലു മുതൽ ഏഴുവരെ ദിവസത്തെ പഴക്കമാണ് മൃതദേഹത്തിനുള്ളത്.
അഴുകിയ നിലയിലായിരുന്നു മൃതദേഹം. രണ്ട് കൈകളിലെയും കാലുകളിലെയും വിരലുകളിൽ നെയിൽ പോളിഷ് ഇട്ടിട്ടുണ്ട്. വൃത്തിയായ നിരയൊത്ത പല്ലുകളാണുള്ളത്. ചുണ്ടിന് താഴെ കാക്കപ്പുള്ളികളുടെ രണ്ട് പാടുമുണ്ട്. മുടിക്ക് നിറം നൽകിയിട്ടുണ്ട്.
മൃതദേഹത്തിൽ ആഭരണങ്ങൾ ഉണ്ടായിരുന്നില്ല. കാത് തുളച്ചതായി കാണുന്നെങ്കിലും കമ്മലോ ചെറിയ കല്ലുകളോ പോലുമില്ല. മരണപ്പെട്ടത് ഇതര സംസ്ഥാനക്കാരിയാണെന്ന സംശയവും പോലീസിനുണ്ട്.
മൃതദേഹം പുതപ്പ് ഉപയോഗിച്ച് പൊതിഞ്ഞ നിലയിലായിരുന്നു. കല്ലിൽ കയർ ഉപയോഗിച്ച് മൃതദേഹത്തിൽ വരിഞ്ഞുകെട്ടിയിരുന്നു. പച്ച നിറത്തിലുള്ള അടിവസ്ത്രവും നീല നിറത്തിലുള്ള ബനിയനുമായിരുന്നു വേഷം. പുതപ്പിനുള്ളിൽനിന്ന് ഒരു കൈ പുറത്തേക്കു വന്ന നിലയിലായിരുന്നു. ശരീരം കെട്ടിത്താഴ്ത്താൻ കോൺക്രീറ്റ് ഭാഗങ്ങളടങ്ങിയ കല്ലാണ് ഉപയോഗിച്ചിരിക്കുന്നത്.
നിർമാണ അവശിഷ്ടമാണ് കല്ല്. ഇതിന് 35 കിലോയോളം ഭാരമുണ്ട്. ശക്തമായ അടിയൊഴുക്കിൽ കല്ലിൽ കെട്ടി താഴ്ത്തിയ മൃതദേഹം ഒഴുകിയെത്തിയതാണെന്നാണ് പോലീസ് കരുതുന്നത്. കടവിനോടു ചേർന്നുള്ള ഭാഗത്ത് മൃതദേഹം അടിയുകയായിരുന്നു.