ചെറുതോണി: ഇടുക്കി ഡാം അടച്ചപ്പോൾ പെരിയാറിൽ അവശേഷിക്കുന്നത് കൂറ്റൻപാറക്കല്ലുകൾ. ശാന്തമായി ഒഴുകിയിരുന്ന പെരിയാർ പ്രളയത്തിനുശേഷം വറ്റിവരണ്ടുകിടക്കുകയാണ്. ഡാം തുറന്നുവിട്ട ഷട്ടറിന്റെ താഴ് ഭാഗംമുതൽ നീണ്ടപാറ വരെ പെരിയാറിന്റെ മുഖമാകെ മാറി. മിക്കസ്ഥലത്തും പാറക്കല്ലുകൾ വന്നടിഞ്ഞിരിക്കുകയാണ്. മണ്ണ് ഒഴുകിപ്പോയപ്പോൾ പാറകൾ അവിടെത്തന്നെ അവശേഷിച്ച സ്ഥലങ്ങളുമുണ്ട്.
ജനങ്ങൾ നീന്തിക്കുളിച്ചിരുന്ന കയങ്ങളൊന്നും ഇവിടെ കാണാനില്ല. സ്വകാര്യ വ്യക്തികൾ കൃഷിചെയ്തിരുന്ന പെരിയാറിന്റെ പലഭാഗത്തും ഉയർന്നുനിൽക്കുന്നത് വൻ പാറക്കൂട്ടങ്ങൾ. ഡാം തുറന്നുവിട്ടപ്പോൾ തടിയന്പാട്, പെരിയാർവാലി ചപ്പാത്തുകൾ ഒലിച്ചുപോയിരുന്നു. ഇവിടുത്തുകാർ ഇപ്പോൾ പോകുന്നതും വരുന്നതും പാറക്കല്ലുകൾ ചാടിക്കടന്നാണ്.