ചേരാനല്ലൂർ: കൂവപ്പടി പഞ്ചായത്തിലെ ഒന്നാം വാർഡ് ഉൾപ്പെടുന്ന ചേരാനല്ലൂർ-മാണിക്യത്ത് കടവിന്റെ സമീപത്തുള്ള പെരിയാറിന്റെ തീരം ഇടിഞ്ഞു നശിക്കുന്നു. ഇത് മൂലം ഈ ഭാഗത്ത് താമസിക്കുന്ന പതിനഞ്ചോളം കുടുംബങ്ങൾ ഭീതിയിലാണ്.
എല്ലാ വർഷവും കാലവർഷം ശക്തിപ്രാപിക്കുകയും പെരിയാറിൽ ജലനിരപ്പ് ഉയരുകയും ശക്തമായ ഒഴുക്ക് രൂപപ്പെടുകയും ചെയ്യുന്പോൾ പെരിയാറിന്റെ തീരം ഉൾപ്പെടുന്ന പ്രദേശം ഇടിഞ്ഞ് നശിച്ചുകൊണ്ടിരിക്കുന്നത് പതിവായിരിക്കുന്നു. ഇതുമൂലം പെരിയാറിൽ ജലനിരപ്പ് ഉയരുകയും നീരൊഴുക്ക് ശക്തി പ്രാപിക്കുകയും ചെയ്യുന്പോൾ തീരത്ത് താമസിക്കുന്നവർ ഭീതിയിലാണ്.
ഈ പ്രദേശത്ത് തീരം ഇടിയാതിരിക്കാൻ കുറച്ച് ഭാഗത്ത് സംരക്ഷണഭിത്തി നിർമിച്ചിരുന്നെങ്കിലും നീരൊഴുക്കിന്റെ ശക്തിമൂലം ഇവയെല്ലാം തന്നെ ഇടിഞ്ഞു നശിച്ചുകിടക്കുകയാണ്. അതിനാൽ ചേരാനല്ലൂർ -മാണിക്യത്ത് കടവും തീരദേശവും സുരക്ഷഭിത്തി നിർമിച്ച് തീരദേശവാസികളുടെ ഭീതി അകറ്റാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യമുയർന്നു.