കട്ടപ്പന: രാജ്യത്തെ ഏറ്റവും മികച്ച കടുവാസങ്കേതമായി തേക്കടിയിലെ പെരിയാർ കടുവ സങ്കേതം തെരഞ്ഞെടുക്കപ്പെട്ടു. 2018-ൽ രാജ്യത്തെ കടുവാസങ്കേതങ്ങളിൽ നടത്തിയ പ്രവർത്തനങ്ങളെ വിലയിരുത്തിയാണ് പെരിയാറിനെ തെരഞ്ഞെടുത്തത്. നാലുവർഷത്തിലൊരിക്കലാണ് ഈ അവാർഡ് നൽകുന്നത്. രാജ്യത്തെ 18 സംസ്ഥാനങ്ങളിലായി 50 കടുവാ സങ്കേതങ്ങളാണുള്ളത്.
1899-ൽ പെരിയാർ തടാകതീരത്തെ വനപ്രദേശങ്ങൾ ഉൾപ്പെടുത്തി പെരിയാർ ലേക് റിസർച്ച് രൂപീകരിച്ചായിരുന്നു പെരിയാർ കടുവസങ്കേതത്തിനു തുടക്കംകുറിച്ചത്. പിന്നീട് തിരുവിതാംകൂർ മഹാരാജാവായിരുന്ന ചിത്തിര തിരുനാൾ പ്രത്യേക താത്പര്യമെടുത്ത് 1934ൽ നെല്ലിക്കാംപട്ടി എന്നപേരിൽ ഒരു വന്യജീവി സങ്കേതം തുടങ്ങി.
1978-ലാണ് കേന്ദ്ര സർക്കാർ ദക്ഷിണേന്ത്യയിലെ ആദ്യ കടുവസംരക്ഷണ കേന്ദ്രമായി പെരിയാർ ടൈഗർ റിസർവിനെ തെരഞ്ഞെടുത്തത്. ആദ്യകാലത്ത് 777 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുണ്ടായിരുന്ന സങ്കേതം, നെല്ലിക്കാംപട്ടി വനമേഖലയെക്കൂടി ഉൾപ്പെടുത്തി 925 ചതുരശ്ര കിലോമീറ്ററായി കൂട്ടി.
ഏറ്റവും പുതിയ കണക്കെടുപ്പ് പ്രകാരം സങ്കേതത്തിൽ 40 മുതൽ 50 വരെ കടുവകളുണ്ടെന്നാണ് വിവരം. എല്ലാ വർഷവും ഇവിടെ കണക്കെടുപ്പ് നടത്താറുണ്ട്. കടുവകളുടെ കാൽപ്പാടുകൾ, കാഷ്ടം, മരങ്ങളിലെ നഖത്തിന്റെ പാടുകൾ, ഇവയ്ക്കു പുറമേ കാമറ ട്രാപ്പുകളിൽ പതിയുന്ന ചിത്രങ്ങൾ ഇവയെല്ലാം പരിശോധിച്ചാണ് കടുവകളുടെ എണ്ണം നിശ്ചയിക്കുന്നത്.
ഒാരോ കടുവയുടെയും ശരീരത്തിലെ വരകൾ വ്യത്യസ്തമായതിനാൽ ഇവ വിശകലനം നടത്തി ഇവിടത്തെ കടുവകളുടെ വിവരശേഖരണം വനംവകുപ്പ് നടത്തിവരുന്നു. 15 വയസുവരെ ആയുർദൈർഘ്യമുള്ള റോയൽ ബംഗാൾ ഇനത്തിൽപെട്ട വലിയ കടുവകളാണ് പെരിയാറിലുള്ളത്.
പെരിയാർ ഫൗണ്ടേഷനെ ആദ്യകാലത്തു സങ്കേതത്തിലെ പ്രവർത്തനങ്ങൾക്കു മേൽനോട്ടം വഹിക്കാൻ കേന്ദ്ര സർക്കാർ പിന്നീട് പെരിയാർ ടൈഗർ കണ്‍സർവേഷൻ ഫൗണ്ടേഷനായി പുനഃസംഘടിപ്പിക്കുകയായിരുന്നു.