ആലുവ: പെരിയാർ പൂർവസ്ഥിതിയിലായതിൽ ആശ്വാസപ്പെട്ടിരിക്കുന്നതിനിടയിൽ ഇന്നു രാവിലെ ഒൻപതു മണിയോടെ ജലനിരപ്പ് ഉയർന്നു. ഇടമലയാർഡാം തുറന്നതിനെ തുടർന്നാണ് ജലനിരപ്പ് വീണ്ടും ഉയർന്നത്. പുഴനിറഞ്ഞതോടെ കൈതോടുകൾ വഴി വെള്ളം ഉൾപ്രദേശങ്ങളിലേക്ക് പടരുകയാണ്.
ദുരിതാശ്വാസക്യാന്പുകളിൽ നിന്നും വീടുകളിലേക്ക് ഇന്ന് മടങ്ങാനൊരുങ്ങുന്നതിനിടയിൽ ജലനിരപ്പ് ഉയരുന്നത് ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്. എന്നാൽ ജില്ലാ ഭരണകൂടം ഒരുക്കിയിട്ടുള്ള എല്ലാ മുൻ കരുതൽ സംവിധാനങ്ങളും ഇപ്പോഴും തുടരുന്നുണ്ട്.
പെരിയാറിന്റെ ഇരുകരകളിലും താമസിക്കുന്നവരും കൈതോടുകളുടെ കരയിലുള്ളവരുമാണ് വെള്ളപ്പൊക്കത്തെ തുടർന്ന് ദുരിതത്തിലായത്. ഇന്നലെയോടെ വെള്ളമിറങ്ങിയതിനാൽ വീടുകൾ വൃത്തിയാക്കി മടങ്ങാനും ദുരിതാശ്വാസ ക്യാന്പുകൾ അവാസനിപ്പിക്കാനുമുള്ള തീരുമാനത്തിലായിരുന്നു അധികൃതർ.
ചെറിയ തോതിലാണെങ്കിലും ജലനിരപ്പ് ഉയർന്നതോടെ ഇന്നത്തെ സ്ഥിതിഗതികൾ വിലയിരുത്തിയായിരിക്കും അടുത്ത തീരുമാനം. ദുരന്തനിവാരണ സേന, തീരസംരക്ഷണ സേന തുടങ്ങിയ സംഘങ്ങൾ ആലുവയിൽ ക്യാന്പ് ചെയ്തു വരുന്നുണ്ട്. പോലീസ്, ഫയർഫോഴ്സ് സംവിധാനങ്ങളും സജീവമാണ്.
ജലനിരപ്പ് ഉയർന്നതോടെ പെരിയാറിന്റെ കൈതോടുകൾ ഒഴുകുന്ന എടയപ്പുറം, തുന്പിച്ചാൽ ഭാഗങ്ങളിൽ വീണ്ടും വെള്ളക്കെട്ടുകൾ രൂപംകൊണ്ടു. ഇതു കൃഷിനാശത്തിനും ഗതാഗതം തടസപ്പെടുന്നതിനും ഇടയാക്കിയിട്ടുണ്ട്.