ആലുവ: ഡാമുകൾ തുറന്നതിനാലും തോരാത്ത മഴ മൂലവും പെരിയാറിലെ ജലനിരപ്പിൽ ഏറ്റക്കുറച്ചിൽ. ഇന്നലെ രാവിലെ പെരിയാർ സാധാരണ നിലയിലായെങ്കിലും വൈകീട്ട് മൂന്നോടെ മഴയെ തുടർന്ന് ക്രമാതീതമായി വെള്ളമേറുകയായിരുന്നു.
രാത്രിയിലും തൽസ്ഥിതി തുടർന്നു. എന്നാൽ ഇന്ന് രാവിലെ വെള്ളമിറങ്ങി പെരിയാർ സാധാരണ നിലയിലായിട്ടുണ്ട്. മണപ്പുറത്തെ ക്ഷേത്രത്തിലെ വെള്ളമിറങ്ങിയിട്ടില്ല.
ജലനിരപ്പിലെ ഏറ്റക്കുറച്ചിൽ പെരിയാറിന്റെ ഇരുകരകളിലുമുള്ള ജനങ്ങളെ ആശങ്കാകുലരാക്കുന്നുണ്ട്. 2018 ലെ പ്രളയം നൽകിയ ദുരന്തങ്ങളിൽ നാശനഷ്ടങ്ങൾ സംഭവിച്ചവരാണ് തീരപ്രദേശവാസികൾ.
രണ്ട് ദിവസമായി പെരിയാറിൽ ജലനിരപ്പിൽ വ്യതിയാനം കണ്ട് തുടങ്ങിയിട്ട്. ജലനിരപ്പുയർന്നാൽ പെരിയാറിന്റെ കൈവഴികളിലൂടെ വെള്ളം കയറി സമീപ പ്രദേശങ്ങളിലും നാശങ്ങളുണ്ടാകാറുണ്ട്. താഴ്ന്ന പ്രദേശത്തുള്ളവരും വെള്ളക്കെട്ട് ഭീഷണിയിലാണ്.
അണക്കെട്ടുകൾ തുറന്നതിനാൽ പെരിയാറിൽ ചെളിയുടെ അളവ് കൂടിയിട്ടുണ്ട്. രണ്ട് ദിവസത്തിനിടെ 60 ൽ നിന്നും 75 എൻടിയു വരെ അളവെത്തി. കുടിക്കാൻ നൽകുന്ന വെള്ളത്തിൽ 5 എൻടിയുവിൽ താഴെ മാത്രമാണുള്ളത്.
പതിവ് പോലെ വിശാല കൊച്ചിയിലേക്കടക്കം വെള്ളം ശുദ്ധീകരിച്ച് വിതരണം ചെയ്യാൻ തടസങ്ങളുണ്ടായില്ലായെന്ന് ജല അതോറിറ്റി അധികൃതർ അറിയിച്ചു.
അതിതീവ്ര മഴയുടെ മുന്നറിയിപ്പ് ലഭിച്ച സാഹചര്യത്തിൽ എറണാകുളം ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും 24 മണിക്കർ പ്രവർത്തിക്കുന്ന ഹെൽപ് ഡെസ്ക് ഇന്നാരംഭിക്കുമെന്ന് മന്ത്രി വി.എസ്. സുനിൽ കുമാർ അറിയിച്ചു.