വൈക്കം: നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി വൈക്കം തന്തൈ പെരിയോർ സ്മാരകം മാർച്ചിൽ തുറക്കും. തമിഴ്നാട് ഇൻഫർമേഷൻ വകുപ്പ് മന്ത്രി എം.പി. സ്വാമിനാഥനാണ് ഇക്കാര്യം അറിയിച്ചത്.
വൈക്കം സത്യഗ്രഹസമരത്തിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് എട്ടുകോടി രൂപ വിനിയോഗിച്ച് നവീകരിക്കുന്ന പെരിയോർ സ്മാരകം, മ്യൂസിയം, ലൈബ്രറി എന്നിവയുടെ നിർമാണ പുരോഗതി വിലയിരുത്തിയശേഷമാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
ഡിസംബർ30ന് കേരള, തമിഴ്നാട് മുഖ്യമന്ത്രിമാർ ചർച്ച നടത്തിയ ശേഷം സ്മാരകത്തിന്റെ ഉദ്ഘാടന തീയതി തീരുമാനിക്കും. കേരള, തമിഴ്നാട് മുഖ്യമന്ത്രിമാരടക്കം ഉദ്ഘാടന സമ്മേളനത്തിൽ സംബന്ധിക്കുമെന്നാണ് കരുതുന്നതെന്നും മന്ത്രി എം.പി. സ്വാമിനാഥൻ കൂട്ടിച്ചേർത്തു.
വൈക്കം സത്യഗ്രഹ സമരത്തിന് നേതൃത്വപരമായ പങ്കുവഹിച്ചവരിലൊരാളും തമിഴ്നാട്ടിലെ സാമൂഹ്യ പരിഷ്കർത്താക്കളിൽ പ്രമുഖനുമായിരുന്നു ഇ.വി. രാമസ്വാമിനായ്ക്കർ.
തന്തെപെരിയോർ എന്ന് വിളിക്കപ്പെടുന്ന ഇ.വി. രാമസ്വാമി നായ്ക്കരുടെ സ്മരണാർഥം വൈക്കം വലിയ കവലയിൽ 70 സെന്റ് സ്ഥലത്ത് പെരിയോർക്ക് സമുചിതമായ സ്മാരകം തമിഴ്നാട് തീർത്തിരുന്നു.
ഈ സ്മാരകത്തിലെ മ്യൂസിയത്തിൽ വൈക്കം സത്യഗ്രഹ സമരത്തിൽ ഇ.വി. രാമസ്വാമി നായ്ക്കരുടെ പങ്ക് വെളിവാക്കുന്ന ചിത്രങ്ങളും രേഖകളുമുണ്ട്. അനുയായികളുമായി സത്യഗ്രഹ സമരത്തിൽ പങ്കെടുത്ത ഇ.വി. രാമസ്വാമിനായ്ക്കരെ 1924 ഒക്ടോബർ ഒന്നിന് അറസ്റ്റ് ചെയ്ത് വൈക്കം പോലീസ് സ്റ്റേഷനോടനുബന്ധിച്ചുള്ള ജയിലിലടച്ചു.
വെെക്കം സത്യഗ്രഹ സമരത്തിന്റെ ശതാബ്ദി ആചരിക്കുന്ന 2024ൽ പെരിയോർ സ്മാരകവും മ്യൂസിയവും ലൈബ്രറിയും നവീകരിക്കാനാണ് തമിഴ് സർക്കാർ പദ്ധതി തയാറാക്കിയത്.
ഇതിനു പുറമെ സ്മാരക വളപ്പിൽ കുട്ടികളുടെ പാർക്ക്, വൈദ്യ സഹായം ലഭ്യമാക്കുന്നതിന് ചികിത്സാകേന്ദ്രം തുടങ്ങിയ പദ്ധതികളും അധികൃതരുടെ പരിഗണനയിലുണ്ട്.