ബിഗ്‌ബോസ് റിയാലിറ്റിഷോയെ പിടിച്ചു കുലുക്കിയ പ്രണയത്തിന് ശുഭാന്ത്യമെന്ന് സൂചന. ബിഗ് ബോസിലെ മത്സരാര്‍ഥികളായിരുന്ന ശ്രീനിഷും പേളിയും തങ്ങള്‍ പരസ്പരം പ്രണയിക്കുന്നുവെന്നും വിവാഹം ചെയ്യാന്‍ ആഗ്രഹിക്കുന്നുവെന്നും ആദ്യം തുറന്നു പറഞ്ഞത് പരിപാടിയുടെ അവതാരകനായ മോഹന്‍ ലാലിനോടായിരുന്നു. ഷോയ്ക്കു ശേഷം ഇരുവരും തമ്മിലുള്ള ബന്ധം ഉണ്ടാകില്ലെന്നും, ഷോയിലെ നിലനില്‍പ്പിനുവേണ്ടിയുള്ള ഇരുവരുടെയും നീക്കമായിരുന്നു ഇതെന്നുമുള്ള അഭ്യൂഹങ്ങള്‍ക്കു പിന്നാലെ ഇരുവരും പ്രണയം ആത്മാര്‍ത്ഥമാണെന്ന് തുറന്നു പറഞ്ഞ് രംഗത്തെത്തിയിരുന്നു.
ഒടുവിലിതാ ശ്രീനിഷുമായുള്ള ബന്ധത്തിന് അമ്മ സമ്മതം മൂളിയെന്ന് പേളി തുറന്നു പറഞ്ഞിരിക്കുകയാണ് ഇപ്പോള്‍. അമ്മയ്ക്കൊപ്പമുള്ള സെല്‍ഫി പങ്കുവെച്ചുകൊണ്ടാണ് ഇക്കാര്യം ആരാധകരോട് തുറന്നു പറഞ്ഞിരിക്കുന്നത്. എന്റെ അമ്മ, എന്റെ മാലാഖ, നിങ്ങളുടെ പിന്തുണയ്ക്കും, സ്നേഹത്തിനും എല്ലാവരോടും അമ്മ നന്ദി പറയുന്നു.. അതെ, അമ്മ സമ്മതിച്ചു.. എന്നാണ് പേളി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരിക്കുന്നത്. ഇതോടെ ഇരുവരുടെയും വിവാഹം ഉടന്‍ ഉണ്ടാകുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.